മഞ്ചേരി: മഞ്ചേരിയിലെ യു.ഡി.എഫ് കോട്ട തകർക്കാൻ സ്വതന്ത്രതന്ത്രം പയറ്റി എൽ.ഡി.എഫ് . മഞ്ചേരിയിലെ പല വാർഡുകളിലും പാർട്ടി ചിഹ്നം ഒഴിവാക്കി സ്ഥാനാർത്ഥികളെ സ്വത്രന്ത്ര മുഖമായി അവതരിപ്പിക്കുകയാണ്. 18 വാർഡുകളിലാണ് എൽ.ഡി.എഫ് സ്വതന്ത്രരെ രംഗത്തിറക്കിയിട്ടുള്ളത്. ഇതിൽ നാലുവാർഡുകളിൽ പൊതു സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ട് . സിപിഎമ്മിന്റെ 37 സീറ്റുകളിൽ 23 സീറ്റുകളിലാണ് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളുള്ളത്.
കഴിഞ്ഞ തവണ യു.ഡിഎഫ് റിബലായി മത്സരിച്ച് വിജയിച്ച സി.ടി. നൂർജഹാൻ ഇത്തവണ എറാമ്പ്ര വാർഡിൽ എൽ.ഡി.എഫിന്റെ പിന്തുണയോടെ മത്സരിക്കുന്നു. 46 -ാം വാർഡിൽ മുൻ ലീഗ് കൗൺസിലർ സഫൂറ കുറ്റിക്കാടിനെ സി.പി.എം പിന്തുണയ്ക്കുന്നുണ്ട്. സ്വതന്ത്രസ്ഥാനാർത്ഥിയായി എൽസിയെ മത്സരിപ്പിച്ചാണ് യു.ഡി.എഫ് ഇതിനെ നേരിടുന്നത്.
50 വാർഡുകളിലേക്ക് 152 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. മുന്നണികളുടെ പിന്തുണയില്ലാതെ 27 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. എൽ.ഡി.എഫിനെ ഇത്തവണ നയിക്കുന്നത് മുൻ നഗരസഭ ചെയർമാൻ അസൈൻ കാരാടാണെന്ന പ്രചാരണം തുടക്കത്തിലുണ്ടായിരുന്നു. ഇതിനായി അസൈൻ കാരാടിനെ ഇരുപത്തഞ്ചാം ഡിവിഷനിൽ മത്സരരംഗത്തിറക്കി പ്രചാരണവും ആരംഭിച്ചിരുന്നു. മത്സരചിത്രമായപ്പോൾ അസൈൻ കാരാട് പിന്മാറി. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്വയം പിന്മാറിയതാണെന്ന് സി.പി.എം വിശദീകരിച്ചെങ്കിലും വിഭാഗീയതയുടെ ഭാഗമാണെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്. ഇത്തവണ മത്സരരംഗത്തിറക്കിയവരിലേറെയും പുതുമുഖങ്ങളാണ്.
മഞ്ചേരി നഗരസഭയിലെ 50 വാർഡുകളിൽ
82 പുരുഷന്മാരും 70 വനിതകളുമടക്കം 152 സ്ഥാനാർത്ഥികളുണ്ട് . ഇത്തവണ 24 വാർഡുകളിൽ ത്രികോണ മത്സരം നടക്കുമെന്നുറപ്പായി.1,386 വോട്ടർമാരുള്ള കിഴക്കേത്തല വാർഡിലാണ് ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് . ആറു പേർ. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ഉള്ളാടൻകുന്ന് വാർഡിൽ അഞ്ചു സ്ഥാനാർത്ഥികളുണ്ട്. അപര വെല്ലുവിളി ഇത്തവണ പല വാർഡുകളിലുമുണ്ട്. മുന്നണികളുടെ പിന്തുണയില്ലാതെ 27 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
യു ഡി എഫിൽ മുസ്ലിം ലീഗ് 34 സീറ്റുകളിലും കോൺഗ്രസ് 16സീറ്റുകളിലും മത്സരിക്കുന്നു. ഇതിൽ 17, 25, 46,47 വാർഡുകളിൽ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. മുസ്ലിംലീഗ് മൂന്നും കോൺഗ്രസ് ഒരു സീറ്റിലുമാണ് സ്വതന്ത്രരെ പിന്തുണയ്ക്കുന്നത്.