അരുവാപ്പുലം: വനാന്തരത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എയ്ക്കൊപ്പം നിന്ന് വൈദ്യുതിയെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സിന്ധു പി. സന്തോഷ് വീണ്ടും ജനവിധി തേടുന്നത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കല്ലേലി തോട്ടം അഞ്ചാം വാർഡിനെ വീണ്ടും നയിക്കാൻ ഒരിക്കൽ കൂടി മത്സരത്തിന് ഇറങ്ങുമ്പോൾ തോട്ടം തൊഴിലാളിയായ സിന്ധുവിന് ഏറെ പ്രതീക്ഷയാണുള്ളത്.
മൂന്നുവശവും കാടും മുന്നിൽ പരന്നൊഴുകുന്ന കാട്ടാറുമായി ജീവിതത്തിന്റെ മറുകര തേടുന്ന ഇവിടുത്തെ ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി വൈദ്യുതിക്കായി കാത്തിരിപ്പിലായിരുന്നു. പത്തുവർഷം യു.ഡി.എഫ് ഭരിച്ച വാർഡ് സിന്ധു 2015 ലാണ് തിരികെ പിടിച്ചത്. ആവണിപ്പാറയിലെ 34 ആദിവാസി കുടുംബങ്ങളിലായി 64 വോട്ടർമാരാണുളളത്. 29 പുരുഷൻമാരും 35 സ്ത്രീകളും. അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്ന സമയത്ത് ഇവിടെ പാലം നിർമ്മിക്കാൻ തറക്കല്ലിട്ടെങ്കിലും പിന്നീട് വനംവകുപ്പിന്റെ തടസവാദം മൂലം തുടർനടപടിയുണ്ടായില്ല. മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ഇവിടുത്തെ കുടുംബങ്ങൾ വനവിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവനം നടത്തുന്നത്. വനപാതയിലൂടെ സിന്ധു ഒറ്റയ്ക്ക് സ്കൂട്ടർ ഓടിച്ചാണ് 25 കിലോമീറ്ററോളം അകലെയുള്ള ആദിവാസി കോളനിയിലെത്തുന്നത്. ആവണിപ്പാറയിൽ വൈദ്യുതി എത്തിക്കുകയെന്ന വിപ്ലവകരമായ വികസനത്തിനാെപ്പം ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാനും സിന്ധുവിന് കഴിഞ്ഞു. തോട്ടം തൊഴിലാളികളായ പങ്കജാക്ഷൻ പിള്ളയുടെയും, ഉഷാകുമാരിയുടെയും മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ. മക്കൾ: സന്ദീപ്, സംഗീത.
അരുവാപ്പുലത്തെ അഞ്ചാം വാർഡ്
കല്ലേലി തോട്ടം മേഖലയിൽ 263 വീടുകളും ആവണിപ്പാറ ആദിവാസി കോളനിയിൽ 34 വീടുകളും വയക്കരയിൽ 72 വീടുകളും ഉൾക്കൊള്ളുന്നതാണ് അഞ്ചാംവാർഡ്.