കൊല്ലം: ശബരിമലയെ വെല്ലുവിളിച്ചതിന്റെ തിക്തഫലങ്ങളാണെന്ന് പിണറായി സർക്കാർ അനുഭവിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സ്വന്തം അണികൾ പോലും മുഖം തിരിച്ചതോടെ, സി.പി.എം അഭിമുഖീകരിക്കുന്നത് ദുരന്ത സമാനമായ സാഹചര്യമാണെന്നും കൊല്ലത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ ജനത്തെ ശരിപ്പെടുത്തി. ചെറുകിട വ്യവസായ മേഖല തകർന്നു. ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുന്നു. നിയമനങ്ങളെല്ലാം പിൻവാതിലിലൂടെ മാത്രം. മത്സ്യത്തൊഴിലാളികൾക്ക് കനത്ത നികുതിഭാരമാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്തും ലൈഫ് കോഴയുമെല്ലാം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വൻ വിജയം നേടുമെന്നും വേണുഗോപാൽ പറഞ്ഞു.