കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് പണം തട്ടിയെടുത്ത സുൽത്താൻ ബത്തേരി നൂൽപ്പുഴ ചുണ്ടകത്തിൽ ഷിഹാബിനെ (29) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എം.ജി റോഡിൽ സി ഫോർ കാരിയർ ഇൻഫിനിട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്.
നിരവധി യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. 2015 മുതൽ സ്റ്റുഡന്റ്സ് വിസയും വിദ്യാഭ്യാസപരമായ കാര്യങ്ങളുമാണ് സ്ഥാപനം നടത്തിയിരുന്നത്. എന്നാൽ 2019 മുതൽ യാതൊരു ലൈസൻസുമില്ലാതെ ഷിഹാബ് ഡെൻമാർക്ക്, നോർവേ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോബ് വിസ നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റുകയായിരുന്നു. പറഞ്ഞ പല അവധികളും പ്രതി തെറ്റിച്ചതോടെ പരാതിക്കാർക്ക് തട്ടിപ്പിനിരയായെന്ന് മനസിലായി. എറണാകുളത്ത് കച്ചേരിപ്പടി, എം.ജി റോഡ്, കലൂർ എന്നിവിടങ്ങളിലും തൃശൂർ, വയനാട് സുൽത്താൻ ബത്തേരിയിലും സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഷിഹാബിനെതിരെ കേസുകളുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒമ്പത് കേസുകളുണ്ട്. കേസെടുത്തതോടെ പ്രതി കേരളം വിട്ടു. ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇയാൾ മടങ്ങിയെത്തിയതോടെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.