ന്യൂഡൽഹി: ജമ്മുകാശ്മീരിലെ നഗ്രോതയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കും. കൊല്ലപ്പെട്ട ഭീകരരുടെ പാക് ബന്ധം തെളിഞ്ഞ സാഹചര്യത്തിലാണ് ജമ്മുകാശ്മീർ പൊലീസിൽ നിന്ന് എൻ.ഐ.എ കേസ് ഏറ്റെടുക്കുന്നത്.
നവംബർ 19ന് നഗ്രോതയിലെ ടോൾ പ്ളാസയിൽ പരിശോധനയ്ക്കിടെ സേന വധിച്ച ഭീകരർ അതിർത്തി കടന്നുവന്നതാണെന്ന് വ്യക്തമായിരുന്നു. അവർ ജമ്മുകാശ്മീരിലെ സാംബാ അതിർത്തി കടക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഭൂഗർഭ തുരങ്കം പിന്നീട് കണ്ടെത്തിയിരുന്നു. പാക് വിലാസമുള്ള ചാക്കുകളും മറ്റും അവിടെ നിന്ന് കണ്ടെടുത്തു. ഭീകരർ യാത്ര ചെയ്ത ട്രക്കിൽ നിന്ന് 11 എ.കെ. 56 തോക്കുകൾ, 7.6 കിലോ സ്ഫോടക വസ്തുക്കൾ, ഡിറ്റണേറ്ററുകൾ തുടങ്ങിയവും പിടിച്ചെടുത്തിരുന്നു.