തിരുവനന്തപുരം: ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ പരസ്യ പ്രചാരണം നാളെ വൈകിട്ട് ആറിന് സമാപിക്കും. പതിവ് കൊട്ടിക്കലാശങ്ങളും പടുകൂറ്റൻ റാലികളുമായി വോട്ടർമാരെ ഹരംകൊള്ളിക്കാൻ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കുമാകില്ല. അതിനാൽ വെർച്വൽ റാലികളിൽ ഓളം സൃഷ്ടിക്കാനാണ് ശ്രമം.
എൽ.ഡി.എഫും യു.ഡി.എഫും ഇന്നാണ് വെർച്വൽ റാലി നടത്തുന്നത്.
നേതാക്കളുടെ പ്രസംഗങ്ങളും ആൾക്കൂട്ടങ്ങളും ഇന്റർനെറ്റിലും സമൂഹ മാദ്ധ്യമങ്ങളിലും പങ്കുവച്ചും ഒരേ ഡിജിറ്റൽ പ്ളാറ്റ് ഫോമിലേക്ക് കൂട്ടത്തോടെ ലോഗിൻ ചെയ്തും സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിൽ ഒരേസമയം ഷെയർ ചെയ്തുമൊക്കെയാണ് വെർച്വൽ റാലി വിജയമാക്കുന്നത്. അരക്കോടിയാളുകളെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം.ഐക്യ ജനാധിപത്യമുന്നണിയും ഇതേ പാതയിലാണ്. എൻ.ഡി.എ ആകട്ടെ പ്രാദേശിക തലത്തിലാണ് ഇത്തരം പരിപാടികൾ നടത്തുന്നത്.
വൻറാലികൾക്കും കോലാഹലങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുണ്ട്. ഇത് മറികടക്കാൻ തട്ടുപൊളിപ്പൻ അനൗൺസ് മെന്റുകളും പിന്നാലെ ബൈക്കിലും കാറിലുമായി പ്രവർത്തകരുമൊക്കെയായി പര്യടന റാലികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വൻ ജനക്കൂട്ടമുണ്ടാകാതെ നോക്കണമെന്ന് പ്രവർത്തകർക്ക് കർശനനിർദ്ദേശം നൽകിയതായി നേതാക്കൾ പറഞ്ഞു. പാതയോരത്ത് സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകി അരങ്ങ് കൊഴുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊട്ടിക്കലാശം പാടില്ല
നാളെ (ഡിസം.6) വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
ലംഘിച്ചാൽ ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്കെതിരേ നടപടിയുണ്ടാകും. ജാഥയും ആൾക്കൂട്ടവും ഇനിയുള്ള രണ്ടു ദിവസങ്ങളിൽ പാടില്ല.
പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നെത്തിയ നേതാക്കളും പ്രവർത്തകരും വാർഡിനു പുറത്തു പോകണം. സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ വാർഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കിൽ ഇതു ബാധകമല്ല.
നിയമം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കും.