ആലപ്പുഴ: വോളിബാൾ കോർട്ടിൽ മത്സരം മുറുകുമ്പോഴുള്ള ആവേശത്തിലാണ് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ സി.പി.ഐ സ്ഥാനാർത്ഥി പി.കെ. ജയകുമാർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പ് കോർട്ടിൽ കന്നിയങ്കമാണെങ്കിലും എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണാനാണ് ജയകുമാറിനിഷ്ടം.
1981-82, 82-83 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ ചാമ്പ്യന്മാരായ വോളിബാൾ ടീമുകളിലെ പ്രധാനിയായിരുന്നു പി.കെ. ജയകുമാർ. ചേർത്തല സെന്റ് മൈക്കിൾസ്, ആലപ്പുഴ എസ്.ഡി കോളേജ് ടീമുകളെയാണ് പ്രതിനിധീകരിച്ചത്. ബി.എസ് സി ഫിസിക്സ് അവസാന വർഷ വിദ്യാർത്ഥിയായിരിക്കെ സ്പോർട്സ് ക്വാട്ട വഴി കെ.എസ്.ആർ.ടി.സിയിൽ ക്ലാർക്കായി. രണ്ട് വർഷം മുമ്പ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ തസ്തികയിലാണ് വിരമിച്ചത്. ജില്ലാ, സംസ്ഥാന ടീമുകൾക്ക് പുറമേ, ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് ടൂർണമെന്റുകളിൽ കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിച്ച് നിരവധ തവണ മത്സരിച്ചു. എട്ട് വർഷം തുടർച്ചയായി ചാമ്പ്യന്മാരായ കെ.എസ്.ആർ.ടി.സി സംഘത്തിൽ ജയകുമാറുമുണ്ടായിരുന്നു.
മൂത്ത മകൾ പാർവതി അമൽനാഥ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സി.പി.എം സ്ഥാനാർത്ഥിയാണ്. അച്ഛനും മകൾക്കും കന്നിയങ്കം എന്ന അപൂർവതയുമുണ്ട്. ഭാര്യ പി.ആർ. രേഖയും മുൻ വോളിബാൾ താരമാണ്. സംസ്ഥാന വനിതാ വോളി ടീമിനു വേണ്ടി പല തവണ കളിച്ച രേഖ ഇപ്പോൾ കെ.എസ്.ആർ.ടി.സി തേവര യൂണിറ്റിൽ സൂപ്രണ്ടാണ്. ഇളയ മകൾ ലക്ഷ്മി സി.ബി.എസ്.ഇ സ്കൂൾ മീറ്റിൽ തിളങ്ങിയ അത്ലറ്റാണ്. അന്തരിച്ച ഇന്ത്യൻ വോളിബാളിലെ സൂപ്പർ താരം കെ. ഉദയകുമാറിന്റെ അടുത്ത ബന്ധു കൂടിയാണ് ജയകുമാർ.