ആലപ്പുഴ: നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും ബോർഡുകളിലും തല ഉയർത്തി ചിരിച്ചു നിൽക്കുന്ന സ്ഥാനാർത്ഥികളുടെ തിളക്കത്തിനു പിന്നിലൊരു പെൺകരമുണ്ട്, പഴയതിരുമല സ്വദേശി രശ്മി പുഷ്കരൻ (36). പ്രിന്റിംഗ് മേഖലയിലെ സ്ത്രീകൾ ഡിസൈനിംഗിൽ മാത്രം കൈവയ്ക്കുമ്പോൾ, ഇതിനൊപ്പം പ്രിന്റിംഗും പട്ടികയിൽ തീർത്ത ബോർഡിൽ ബാനർ സ്ഥാപിക്കലും ഉൾപ്പെടെ എന്തു ചെയ്യാനും തയ്യാറാണ് നഗരത്തിനു സമീപം വഴിച്ചേരിയിൽ 'റെയിൻബോ ഡിസൈൻസ്' എന്ന സ്ഥാപനം നടത്തുന്ന രശ്മി.
എസ്.എസ് സ്കൂൾ ഒഫ് ആർട്സിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടിയ ശേഷം ആസ്പിൻ വാൾ കമ്പനിയിൽ ഡിസൈനറായും, ഗവ.ഗേൾസ് സ്കൂളിൽ ചിത്രകലാ അദ്ധ്യാപികയായും താത്കാലിക ജോലി ചെയ്തിരുന്നു. ഇരട്ടക്കുട്ടികളായ ശിവഗംഗയുടെയും, ശിവപ്രിയയുടെയും വരവോടെയാണ് പുറത്തെ ജോലി മതിയാക്കി സ്വന്തമായി ബിസിനസ് ആരംഭിക്കാമെന്ന് തീരുമാനിച്ചത്. പൂർണ പിന്തുണയുമായി ഫോറസ്റ്റ് വകുപ്പിൽ ജീവനക്കാരനായ ഭർത്താവ് ഗിരീഷ് കുമാറും ഒപ്പം നിന്നു. അങ്ങനെയാണ് രണ്ട് വർഷം മുമ്പ് റെയിൻമ്പോ ഡിസൈൻസ് പിറന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ വർക്കുകൾ ഏറ്റെടുക്കുന്നത് ഇതാദ്യം. എന്നാൽ ആ പരിചയക്കുറവൊന്നും ഫലത്തിൽ കാണാനില്ല. ഡിസൈനുകൾ ഇഷ്ടമായതോടെ കൂടുതൽ സ്ഥാനാർത്ഥികൾ എത്തിത്തുടങ്ങി. ഇതിനകം ഇരുന്നൂറിലധികം ബാനറുകൾ അച്ചടിച്ചു കഴിഞ്ഞു. പട്ടിക അടിച്ച് ബോർഡ് തയ്യാറാക്കാൻ മാത്രമാണ് പുറത്ത് നിന്ന് സഹായം തേടുന്നത്. ബോർഡിൽ ബാനർ ക്ലിപ്പ് ചെയ്യുന്നതടക്കം മറ്റെല്ലാ ജോലികളും രശ്മി ഒറ്റയ്ക്ക് നിർവഹിക്കും. കൊവിഡ് കാലത്ത് ബിസിനസിന് ആല്പം മാന്ദ്യമുണ്ടായിരുന്നെങ്കിലും ആ കുറവ് നികത്തുന്ന തരത്തിലാണ് ഇപ്പോൾ ഓർഡറുകൾ വരുന്നത്. ദിവസം 11 മണിക്കൂറിലധികം ജോലിയുണ്ടാവും. ഡിസൈനിംഗിനാണ് കൂടുതൽ സമയമെടുക്കുന്നത്. ഓരോന്നും വ്യത്യസ്തമായിരിക്കണം എന്ന നിർബന്ധം സ്ഥാനാർത്ഥികൾക്കും തനിക്കുമുണ്ടെന്ന് രശ്മി പറയുന്നു.