ന്യൂഡൽഹി: കടബാദ്ധ്യതയെ തുടർന്ന് രാജ്യം വിട്ട വ്യവസായി വിജയ് മല്ല്യയുടെ ഫ്രാൻസിലുള്ള 14കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. എൻഫോഴ്സ്മെന്റിന്റെ അപേക്ഷ പ്രകാരം ഫ്രഞ്ച് അധികൃതരാണ് നടപടിയെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഫോഷ് 32-ാം അവന്യുവിലുള്ള സ്വത്താണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. ഇതുവരെ മല്ല്യയുടെ 11,231 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്.
വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻ തുക പാരീസിലേക്ക് മാറ്റിയതായി കണ്ടെത്തിയിരുന്നു. കിംഗ്ഫിഷർ എയർലൈൻസിനായി വായ്പയെടുത്ത 9000 കോടിയുടെ കടബാദ്ധ്യതയെ തുടർന്നാണ് രാജ്യം വിട്ടത്. 2016 മുതൽ യു.കെയിൽ താമസിക്കുന്ന മല്ല്യയെ അവിടെയുള്ള നിയമ നടപടികൾ കാരണം ഇന്ത്യയിൽ കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.