തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെ ചൊല്ലിയുയർന്ന വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന സ്വയം സംസാരിക്കുന്നതാണെന്നും അതിലിനി ഒരു ടിപ്പണിയും വേണ്ടെന്നും പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം അതോടെ അവസാനിച്ചു. ധനസ്രോതസുകൾ കേന്ദ്രം കെട്ടിയടയ്ക്കുമ്പോൾ മറ്റു സാമ്പത്തികമാർഗങ്ങൾ കണ്ടെത്തി സംസ്ഥാനത്തിന്റെ വികസനതാത്പര്യങ്ങൾ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. അത്തരമൊരു സന്ദർഭത്തിൽ അതിന്റെ ഉത്കണ്ഠയാണ് കെ.എസ്.എഫ്.ഇയിൽ വിജിലൻസ് പരിശോധനയുണ്ടായപ്പോൾ ഐസക്കിന്റെ പ്രതികരണത്തിലുണ്ടായതെന്നും കേസരി ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ ബേബി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ഇടതുമുന്നണിയുടെ ശീലമല്ല.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് തടയാൻ ഫലപ്രദമായ പൊലീസ് ഭേദഗതിനിയമം പാർട്ടിയിൽ ചർച്ച ചെയ്തിരുന്നെങ്കിലും സൂക്ഷ്മ വിശദാംശങ്ങളിലേക്ക് പോകാനായില്ല. നിയമമാക്കുന്ന വേളയിൽ പോരായ്മകൾ ചർച്ചചെയ്ത് പരിഹരിക്കാമെന്നായിരുന്നു ധാരണ. പിന്നീട് പലയിടത്തുനിന്നും ആശങ്കകൾ വ്യക്തമാക്കിയപ്പോൾ തുടരേണ്ടെന്ന് തീരുമാനിച്ചു. സായുധപ്രവർത്തനം നടത്തുന്നവർക്കെതിരായ പൊലീസ് നടപടി ഒരു സംസ്ഥാനത്തിന് മാത്രമായി നിറുത്താനാവില്ല. അങ്ങനെ വരുമ്പോഴാണ് 356-ാം വകുപ്പൊക്കെ സംസ്ഥാനത്തിനെതിരെ പ്രയോഗിക്കപ്പെടുക.അലൻ, താഹ വിഷയത്തിൽ നമ്മളെല്ലാം ഇടപെട്ടിട്ടുണ്ട്. യു.എ.പി.എ കേസുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പരിശോധനയ്ക്കൊരു കമ്മിഷനുണ്ട്. ആ ഘട്ടത്തിൽ സർക്കാരിന് ഇടപെടാനാകുമെങ്കിലും അതിലേക്ക് കടക്കുമ്പോഴാണ് കേന്ദ്രം കേസ് എൻ.ഐ.എയ്ക്ക് വിട്ടത്.മുഖ്യമന്ത്രിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പോരാട്ടത്തിന്റെ മുഖ്യ നേതൃത്വം വഹിക്കുന്നത്. ഓൺലൈനിലൂടെയും വാർത്താസമ്മേളനങ്ങളിലെ സംവാദങ്ങളിലൂടെയും അദ്ദേഹം ജനങ്ങളോട് ആശയവിനിമയം നടത്തുന്നുണ്ട്. കൊവിഡ് പ്രതിരോധഘട്ടത്തിൽ മുഖ്യമന്ത്രി പൂർണ ആരോഗ്യവാനായി പോരാട്ടത്തിന് ചുക്കാൻ പിടിക്കാനുണ്ടാവണമെന്ന പാർട്ടി തീരുമാനപ്രകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യൽ: അന്ധാളിക്കേണ്ടെന്ന് ബേബി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാലുടനെ അന്ധാളിക്കേണ്ട കാര്യമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കേസരിഹാളിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രവീന്ദ്രൻ ചോദ്യം ചെയ്യലിന് പോകട്ടെ. തെളിവുകൾ വരട്ടെ. എന്ത് സംഭവിക്കുമെന്ന് നോക്കാം. അതുവരെ അഭ്യൂഹങ്ങൾ വച്ച് ചർച്ച ചെയ്യേണ്ടെന്നും ബേബി പറഞ്ഞു