ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രത്ലാമിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ‘സൈക്കോ കില്ലർ’ ദിലീപ് ദേവൽ പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. 5 പൊലീസുകാർക്ക് പരിക്കേറ്റു. ആറു കൊലപാതക കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
ഗുജറാത്തിലെ ദഹോദ് നിവാസിയായ ദിലീപ് വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളിൽ പ്രതിയാണ്. വയോധികർ മാത്രം താമസിക്കുന്ന വീടുകളിൽ കയറി അവരെ കൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തുന്നതാണ് രീതി.
നവംബർ 25ന് ഛോട്ടി ദീപാവലി ആഘോഷത്തിനിടെ അയൽവാസികളെല്ലാം പടക്കം പൊട്ടിക്കുമ്പോഴാണ് ഗോവിന്ദ് സോളങ്കി (50), ഭാര്യ ശാർദ(45), മകൾ ദിവ്യ (21) എന്നിവരെ ദിലീപും സംഘവും കൊലപ്പെടുത്തിയത്.
എല്ലാവരും ആഘോഷത്തിൽ മുഴുകിയതിനാൽ വെടിയൊച്ച പുറത്തുകേട്ടില്ല. പിറ്റേ ദിവസം രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ഗോവിന്ദ് ഒരു വസ്തുവില്പന നടത്തിയെന്നും അതിന്റെ പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കരുതി കൊള്ളയടിക്കാനെത്തിയതായിരുന്നു ദിലീപും സംഘവും.
സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ കൂട്ടാളികളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 'സൈക്കോ കില്ലർ" എന്നാണ് പൊലീസ് റെക്കാഡിൽ ദിലീപ് അറിയപ്പെടുന്നത്. തെളിവു നശിപ്പിക്കാൻ ഇയാൾ കൂട്ടാളികളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്നാണ് വിവരം. ജൂണിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ
ദിലീപിനായി തെരച്ചിൽ തുടരുന്നതിനിടെയായിരുന്നു മൂന്നംഗ കുടുംബത്തെയും കൊലപ്പെടുത്തിയത്.