കൊച്ചി: കിഴക്കൻ മേഖലയിലെ പൈനാപ്പിളിനെയും റബറിനെയും തഴുകിയെത്തുന്ന കാറ്റിൽ യു.ഡി.എഫ് കോട്ടകൾ ഇളകുമെന്ന സ്വപ്നലോകത്താണ് എൽ.ഡി.എഫ്. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വരവ് ബാലികേറാമലകളിൽ ആധിപത്യമുറപ്പിക്കാൻ സഹായിക്കുമെന്നതാണ് ആ പ്രതീക്ഷ. എന്നാൽ നിധിപോലെ കാത്ത കോട്ടയിൽ വിള്ളലുകളുണ്ടാകാതെ മേധാവിത്വം നിലനിറുത്താനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്.
കൊച്ചി കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ യു.ഡി.എഫ് ഹാട്രിക്കടിക്കുമോ എന്നതാണ് പ്രധാന കൗതുകം. എന്നാൽ കൈവിട്ടതെല്ലാം തിരികെപ്പിടിക്കാനുള്ള പടയൊരുക്കം ഇടതുമുന്നണി നേരത്തെ നടത്തിയിരുന്നു. പാലാരിവട്ടം പാലം അഴിമതി ഇടതുമുന്നണി ചർച്ചയാക്കിയപ്പോൾ സ്വർണക്കടത്തുൾപ്പെടെ സർക്കാരിനെതിരായ ആരോപണങ്ങളാണ് യു.ഡി.എഫിന്റെ തുറുപ്പുഗുലാൻ.
കഴിഞ്ഞ രണ്ടുതവണ യു.ഡി.എഫിനൊപ്പമായിരുന്നു ജില്ല ഇടതുമുന്നണിയെ തുണച്ച ചരിത്രവുമുണ്ട്. 14 നിയമസഭാമണ്ഡലങ്ങളിൽ ഒമ്പതും യു.ഡി.എഫിന്റെ കൈകളിലാണ്. കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കളത്തിലിറക്കി പ്രചാരണരംഗവും യു.ഡി.എഫ് കൊഴുപ്പിച്ചുകഴിഞ്ഞു. ഇടതുമുന്നണിയുടെ സംസ്ഥാന നേതാക്കൾ അടുത്തദിവസങ്ങളിൽ കളത്തിലിറങ്ങും.
ശക്തമായ പോരാട്ട പ്രതീതി ഉയർത്തി എൻ.ഡി.എയുടെ പ്രചാരണം മുന്നേറുമ്പോഴും എല്ലായിടത്തും സ്ഥാനാർത്ഥികളെ നിറുത്താനാകാത്തത് ക്ഷീണമായി. കൊച്ചി കോർപറേഷൻ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിൽ കൂടുതൽ വിജയം ഉറപ്പെന്നാണ് നേതാക്കൾ പറയുന്നത്. വോട്ടെണ്ണത്തിൽ വലിയൊരു കുതിപ്പും മുന്നണി സ്ഥാനാർത്ഥികളുടെ വോട്ടുകൾ അട്ടിമറിക്കാനും കഴിയുമെന്ന വിലയിരുത്തലിലാണ് എൻ.ഡി.എ പ്രചാരണം കൊഴുപ്പിക്കുന്നത്.
ഇരുമുണണികളിലും വിമതശല്യവും ശക്തമാണ്. കിഴക്കൻ മേഖലകളിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽജോസ് വിഭാഗത്തിന് സി.പി.എം സീറ്റുകൾ വാരിക്കോരി നൽകി. സി.പി.ഐയെ പിണക്കിയതുമില്ല. ചെറുകക്ഷികളുടെ സീറ്റ് പിടിച്ചുവാങ്ങിയാണ് സി.പി.എം കുറവ് നികത്തിയത്. എൽ.ജെ.ഡിയെ അവഗണിച്ചെന്ന പ്രതിഷേധം കൊച്ചി കോർപറേഷനിൽ സി.പി.എമ്മിനെ അലട്ടുന്നുണ്ട്. മുൻ മേയറെ സി.പി.എമ്മിനെതിരെ മത്സരിപ്പിച്ചാണ് എൽ.ജെ.ഡി അനിഷ്ടം പരസ്യമാക്കിയത്.
മൂന്ന് മുന്നണികൾക്കും ബദലായി ചില കൂട്ടായ്മകൾ ശക്തമായതാണ് മറ്റൊരു സവിശേഷത. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മോഡലിലാണ് കൂട്ടായ്മകൾ. വി 4 കൊച്ചി, ട്വന്റി- 20 ചെല്ലാനം, ടീം 20 ഉദയപേരൂർ എന്നീ പേരുകളിലാണ് മത്സരം.
ജില്ലാ പഞ്ചായത്ത് സീറ്റ്- 27
യു.ഡി.എഫ്- 14
എൽ.ഡി.എഫ്- 13
കൊച്ചി കോർപറേഷൻ- 74
യു.ഡി.എഫ്- 38
എൽ.ഡി.എഫ്- 34
ബി.ജെ.പി- 02
നഗരസഭ- 13
എൽ.ഡി.എഫ്-7
യു.ഡി.എഫ്- 6
മുനിസിപ്പാലിറ്റി- 13
എൽ.ഡി.എഫ്- 07
യു.ഡി.എഫ്- 06
ബ്ലോക്ക് പഞ്ചായത്ത്- 14
യു.ഡി.എഫ്- 09
എൽ.ഡി.എഫ്- 05
ഗ്രാമപഞ്ചായത്തുകൾ- 82
എൽ.ഡി.എഫ്- 42
യു.ഡി.എഫ്- 39
20 ട്വന്റി- 01