പാലക്കാട്: കൃഷിയും രാഷ്ട്രീയവും ജീവവായുവായ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല, പാലക്കാട്. പക്ഷേ ഇവിടത്തെ തിരഞ്ഞെടുപ്പിന് ചരിത്രത്തിനെപ്പോഴും ചുവപ്പ് നിറമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലംമാത്രമാണ് അതിനൊരു അപവാദം. ആ ഞെട്ടൽ മാറത്ത എൽ.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ കളത്തിൽ സജീവമായി.
അതേസമയം ലോകസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം തദ്ദേശതിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫിന്റെ പോരാട്ടം. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭ അഞ്ചുവർഷം തികച്ച് ഭരിച്ചതിന്റെ വലിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
വിമതരും ഗ്രൂപ്പ് വഴക്കും യു.ഡി.എഫിന് തലവേദനയായെങ്കിൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ അങ്കംകുറിക്കുന്നതാണ് ഇടതുമുന്നണിയെ അലട്ടുന്നത്. പാലക്കാട് നഗരസഭയിലുൾപ്പെടെ മുതിർന്ന നേതാക്കളെ സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചത് ബി.ജെ.പിക്കും തിരിച്ചടിയായി.
ചുവപ്പിന്റെ ചരിത്രം
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഇന്നുവരെയുള്ള ചരിത്രം ഇടതുപക്ഷത്തിന് അനുകൂലമാണ്. 1991ൽ ആദ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന മന്ത്രി എ.കെ. ബാലനിൽ ആരംഭിച്ച ഭരണചക്രം എപ്പോഴും ചലിപ്പിച്ചത് ഇടതുപക്ഷംതന്നെ.
ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമാണ്. സി.പി.എം 21 സീറ്റിലും സി.പി.ഐ അഞ്ചിലും ജനതാദൾ (എസ്) രണ്ടിലും എൻ.സി.പി, കേരള കോൺഗ്രസ് (എം) എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നു.
കോൺഗ്രസ് 22 സീറ്റിലാണ് മത്സരിക്കുന്നത്. അഞ്ചിടത്ത് ലീഗും സി.എം.പി, കേരള കോൺഗ്രസ്(എം), ജനതാദൾ (യു.ഡി.എഫ്) പാർട്ടികൾക്ക് ഓരോ സീറ്റുവീതവും നൽകി. ബി.ജെ.പി 29 സീറ്റിലും സ്ഥാനാർത്തികളെ നിറുത്തിയി. ഒരു സീറ്റ് ബി.ഡി.ജെ.എസിന് നൽകി.
പൊള്ളുന്ന മത്സരം
പാലക്കാട് നഗരസഭയിൽ കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി അഞ്ച് വർഷം ഭരിച്ചതിന്റെ ആത്രമവിശ്വാസമാണ് ബി.ജെ.പിയുടെ കൈമുതൽ. ചെറിയ വോട്ട് വ്യത്യാസത്തിൽ കൈവിട്ട വാർഡുകൾ കൂടി സ്വന്തമാക്കി തുടർഭരണമാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ തവണത്തെ പാർലമെന്ററി പാർട്ടി നേതാവുൾപ്പെടെ രണ്ടുപേർ മത്സരത്തിൽ നിന്ന് പിൻമാറിയത് എൻ.ഡി.എയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാനുള്ള കരുനീക്കവുമായി സജീവമാവുകയാണ് യു.ഡി.എഫ്. എന്നാൽ പാർലിമെന്ററി പാർട്ടി നേതാവ് വിമതനായതുൾപ്പെടെയുള്ള ഗ്രൂപ്പ് വഴക്ക് നേതൃത്വത്തിന് തലവേദനയാണ്. അതേസമയം മണ്ണാർക്കാട് മേഖലയിൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ മത്സരവുമുണ്ട്.
ഇടതുപക്ഷം ഭരിക്കുന്ന ഒറ്റപ്പാലത്തും ഷൊർണൂരും സി.പി.എമ്മിൽ വിഭാഗീയത തലപൊക്കുന്നത് തിരിച്ചടിയായേക്കും. ഒറ്റപ്പാലത്ത് സി.പി.എമ്മം സി.പി.ഐ തർക്കം പരിഹരിക്കാനായത് ആശ്വാസമാണ്. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ മണ്ണാർക്കാടും പട്ടാമ്പിയും മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. കോൺഗ്രസ് - മുസ്ലിംലീഗുമായുള്ള പ്രശ്നത്തിൽ കഴിഞ്ഞതവണ കൈവിട്ട ഡിവിഷനുകൾ പിടിക്കാനാണ് യു.ഡി.എഫ് പോരാടുന്നത്. പഞ്ചായത്തുകളിലെ വളർച്ച ബ്ലോക്കുകളിലേക്കും വ്യാപിപിക്കാനാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ - 30
എൽ.ഡി.എഫ്- 27
യു.ഡി.എഫ് - 3
നഗരസഭകൾ -7
യു.ഡി.എഫ്- 4
എൽ.ഡി.എഫ്- 2
ബി.ജെ.പി-1
ബ്ലോക്ക് പഞ്ചായത്ത് - 13
എൽ.ഡി.എഫ്- 11
യു.ഡി.എഫ്- 2
ഗ്രാമപഞ്ചായത്തുകൾ- 88
എൽ.ഡി.എഫ്- 71
യു.ഡി.എഫ്- 16
ആർ.ബി.സി- 1