തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്, ഐ.ടി വകുപ്പിൽ നിയമനം നേടിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ കേസെടുക്കും. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ സ്വപ്നയെ സ്പേസ് പാർക്ക് പ്റോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ നിയമിച്ചതിനെക്കുറിച്ച് കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തേ സ്വപ്നയുടെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര സ്വദേശി നൽകിയ പരാതി വിജിലൻസ് ഐടി വകുപ്പിന് കൈമാറിയിരുന്നു. അവരാണ് തുടർനടപടിയെടുക്കേണ്ടതെന്നാണ് വിജിലൻസ് നിലപാട്. വിജിലൻസ് അന്വേഷിക്കേണ്ട കാര്യമുണ്ടെങ്കിൽ ഐടി വകുപ്പ് ശുപാർശ നൽകണമെന്നായിരുന്നു നിലപാട്.