കോട്ടയം: കൊവിഡ് ഒഴിയാതെ നിൽക്കുമ്പോൾ ഫ്ളാറ്റുകളിൽ എങ്ങനെ വോട്ടു ചോദിക്കും? ആ പ്രശ്നത്തിനും കോട്ടയത്ത് ഉത്തരമായി. കോട്ടയം നഗരസഭ 16-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജിബി ജോണാണ് പുതിയ പരീക്ഷണത്തിന് തുടക്കമിട്ടത്. ഫ്ളാറ്റിന്റെ മുറ്റത്ത് സ്ഥാനാർത്ഥി നിൽക്കും. പോസ്റ്റർ ഘടിപ്പിച്ച ഡ്രോൺ പറന്ന് വോട്ടർമാരുടെ അരികിലെത്തും. ഡ്രോൺ നോക്കി ഫ്ളാറ്റുകാർ തമ്പ് ലൈൻ കാട്ടുന്നതോടെ വോട്ടുറപ്പിച്ച് സ്ഥാനാർത്ഥി മടങ്ങും.
സ്ഥാനാർത്ഥികൾക്കുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഫ്ളാറ്റിലെ വോട്ടുപിടിത്തം ആശങ്കയിലായത്. കുട്ടികളും മുതിർന്നവരും ഫ്ളാറ്റിലുള്ളതിനാൽ ഇക്കാര്യം അസോസിയേഷൻ ഭാരവാഹികൾ സ്ഥാനാർത്ഥികളുമായി പങ്കുവച്ചു. ഫ്ളാറ്റുകളേറെയുള്ള കഞ്ഞിക്കുഴി വാർഡിലെ സ്ഥാനാർത്ഥികൾ ആശയക്കുഴപ്പത്തിലുമായി. പക്ഷേ മനസിൽ തോന്നിയ ഐഡിയ ജോബി പ്രാവർത്തികമാക്കി.
ഡ്രോൺ പറത്തലിൽ പുലിയായ സൂരജുമായി ജിബി ബന്ധപ്പെട്ടു. ബാക്കിയെല്ലാം പ്ളാൻ ചെയ്തത് സൂരജാണ്. സൂരജിന്റെ ഡ്രോണിൽ അഭ്യർത്ഥനയും ബാനറും ഘടിപ്പിച്ച് നേരം ഫ്ളാറ്റിന്റെ മുറ്റത്തെത്തി. പറന്ന് പൊങ്ങിയ ഡ്രോണിനെ താഴെ നിന്ന് സൂരജ് നിയന്ത്രിച്ചു. ഡ്രോണിൽ നിന്ന് അഭ്യർത്ഥനയെടുത്ത വോട്ടർമാർ ചിരിയും പാസാക്കി. എല്ലാം കാമറയിലൂടെ കണ്ട് താഴെയുള്ള സ്ഥാനാർത്ഥി വോട്ടുമുറപ്പിച്ചു.
'നഗരത്തിൽ ഏറ്റവും കൂടുതൽ ഫ്ളാറ്റുകളുള്ള വാർഡാണ് എന്റേത്. പത്ത് ഫ്ളാറ്റുകളുണ്ട്. ഒരു ദിവസം മാത്രമേ ഇങ്ങനെ പ്രചാരണം നടത്തിയുള്ളൂ. തുടർച്ചയായി മൂന്ന് ടേം ഇവിടെ കൗൺസിലറായിരുന്നതിനാൽ എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വിജയം ഉറപ്പാണ്".
- ജിബി ജോൺ