ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും
ന്യൂഡൽഹി: ഇന്ന് കേന്ദ്രസർക്കാരുമായി നടക്കുന്ന ചർച്ചയിലും സമവായമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ കർഷകർ സംഘടനകൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ഡിസംബർ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കും. പ്രധാന ടോൾ പ്ളാസകൾ ഉപരോധിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡൽഹി വിജ്ഞാൻഭവനിൽ കേന്ദ്രസർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെങ്കിലും 3 വിവാദ നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിലുറച്ച് തന്നെയാണ് സംഘടനാ നേതാക്കൾ. വരുംദിവസങ്ങളിൽ ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ കർഷകരോടും അണിചേരാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞദിവസം ഏഴുമണിക്കൂർ നീണ്ട ചർച്ചയിൽ താങ്ങുവില ഉറപ്പാക്കുന്നത് അടക്കം ഭേദഗതികൾ കേന്ദ്രസർക്കാർ നിർദ്ദേശിച്ചെങ്കിലും കർഷകർ അയഞ്ഞില്ല. അതേസമയം കർഷക സമരത്തിന് നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയന്റെ പ്രമുഖ നേതാവ് ബൽബീർ സിംഗ് രാജേവാളിനെ നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.
സർവകക്ഷി യോഗത്തിനെ കർഷകർക്ക്
പിന്തുണ അറിയിച്ച് ഡി.എം.കെ നേതാവ്
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിനിടെ ഡി.എം.കെ നേതാവ് ടി.ആർ.ബാലു കർഷക സമരത്തെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞത് ബി.ജെ.പി നേതാക്കളെ ക്ഷുഭിതരാക്കി. കർഷക സമരത്തെക്കുറിച്ച് പറയാനുള്ള വേദിയല്ലെന്നും വാക്സിൻ വിഷയം മാത്രം ചർച്ച ചെയ്താൽ മതിയെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. കർഷകർക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണ അറിയിക്കാൻ തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയേൻ ഇന്നലെ സിംഘു അതിർത്തിയിൽ കർഷസമര വേദിയിലെത്തി.
അവാർഡ് തിരിച്ചു നൽകും
കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച സാഹിത്യ അക്കാഡമി അവാർഡ് മടക്കി നൽകുമെന്ന് പഞ്ചാബി സാഹിത്യകാരൻ ഡോ. ജസ്വിന്ദർ സിംഗ് അറിയിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തനിക്ക് ലഭിച്ച ശിരോമണി പഞ്ചാബി പുരസ്കാരം വേണ്ടെന്നു വയ്ക്കുകയാണെന്ന് പ്രശസ്ത പഞ്ചാബി ഗായകൻ ഹർഭജൻ മാനും പ്രഖ്യാപിച്ചു.
സുപ്രീംകോടതിയിൽ ഹർജി
അതിർത്തിയിൽ കർഷകർ തമ്പടിച്ചത് കൊവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. സമരത്തെ തുടർന്ന് അതിർത്തി അടച്ചതിനാൽ കൊവിഡുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കൽ സേവനങ്ങൾ തടസപ്പെടുന്നതായും എത്രയും പെട്ടെന്ന് ആൾക്കൂട്ടത്തെ ഒഴിപ്പിക്കണമെന്നും ഓംപ്രകാശ് പരിഹർ എന്നയാൾ നൽകിയ ഹർജിയിൽ പറയുന്നു.