ന്യൂഡൽഹി: ലാവ്ലിൻ കേസ് സംബന്ധിച്ച കൂടുതൽ രേഖകൾ ഹാജരാക്കാൻ സാവകാശം വേണമെന്ന് സി.ബി.ഐ വീണ്ടും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. തുടർച്ചയായി കേസ് മാറ്റിവയ്ക്കുന്നതിൽ അതൃപ്തി അറിയിച്ച ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ജനുവരി ഏഴിലേക്ക് മാറ്റി.ഓരോ തവണ പരിഗണിക്കുമ്പോഴും കേസ് മാറ്റിവയ്ക്കാൻ പുതിയ കാരണങ്ങളെത്തുമെന്ന് ജസ്റ്റിസ് ലളിത് വിമർശിക്കുകയും ചെയ്തു. ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് തുടർച്ചയായി നാലാം തവണയാണ് സി.ബി.ഐയുടെ ആവശ്യപ്രകാരം കേസ് മാറ്റിവയ്ക്കുന്നത്. കേസ് 2017 ഒക്ടോബർ 27നാണ് സുപ്രീംകോടതി ആദ്യം പരിഗണിച്ചത്. അതിനുശേഷം പല കാരണങ്ങളാൽ പതിനഞ്ചിലേറെ തവണ മാറ്റിവച്ചു. ജസ്റ്റിസ് രമണയുടെ ബെഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. സി.ബി.ഐ ചില അധിക രേഖകൾ ഫയൽ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും ചെയ്തിട്ടില്ലെന്ന് കേസിൽ പ്രതിയായ കസ്തൂരിരംഗ അയ്യർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ.ബസന്ത് ചൂണ്ടിക്കാട്ടി. രേഖകൾ ഫയൽ ചെയ്യുകയാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ വേണമെന്ന് കോടതി നിർദേശിച്ചു.വിശദ വാദം കേൾക്കേണ്ട കേസാണെന്നും ഇന്നലെ ഉച്ചയ്ക്കുശേഷം മറ്റൊരു കേസിൽ ഹാജരാകാനുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറിയിച്ചു. ഇതോടെ ജനുവരി ഏഴിന് ബെഞ്ച് പരിഗണിക്കുന്ന അവസാന കേസായി ലിസ്റ്റ് ചെയ്യാൻ കോടതി നിർദേശിക്കുകയായിരുന്നു.2017 ആഗസ്റ്റ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.