തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളിൽ ഡ്രൈവർമാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തലാക്കും. പകരം എട്ടുമണിക്കൂറിന് ശേഷം ജീവനക്കാർക്ക് വിശ്രമം നൽകും. ഡ്യൂട്ടി കഴിയുന്നവർക്ക് ഏഴുമണിക്കൂർ വിശ്രമം അനുവദിക്കും. ഇവർക്കായി പ്രത്യേക വിശ്രമസംവിധാനം ഒരുക്കും. എട്ടുമണിക്കൂറിന് മുകളിൽ ഓടുന്ന ബസുകൾക്ക് ഘട്ടം ഘട്ടമായി ക്രൂ ചെയ്ഞ്ച് നടപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
വൈറ്റില അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ക്രമീകരണത്തിന്റെ ഉന്നതല അവലോകനമാണ് ഇന്നലെ നടന്നത്. ദീർഘദൂര ബസുകളിൽ കണ്ടക്ടർ ലൈസൻസുകള്ള രണ്ട് ഡ്രൈവർമാരെ നിയോഗിക്കുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ റൂളിലും ഡ്രൈവർ കം കണ്ടക്ടർ സംവിധാനമില്ല. ഇതേ തുടർന്നാണ് ഡ്രൈവർമാരെ കണ്ടക്ടറായും നിയോഗിക്കുന്ന രീതി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.