*പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം
തിരുവനന്തപുരം: സ്വർണക്കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്നതിലെ അന്വേഷണത്തിൽ പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുമതി ആരും തേടുമെന്നതിനെ ചൊല്ലിയാണ് തർക്കം.
മൊഴി ചോർന്നതിൽ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ സ്വപ്നയുടെ മൊഴിയെടുക്കാനായിട്ടില്ല. മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ജയിൽ വകുപ്പിനെ സമീപിച്ചെങ്കിലും ജുഡിഷ്യൽ കസ്റ്റഡിയിലുള്ള സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കുന്നതിൽ കോടതിയുടെ അനുമതി വേണമെന്ന് ജയിൽ വകുപ്പ് നിലപാടെടുത്തു. ഇതുവരെ ആരും കോടതിയുടെ അനുമതി തേടിയിട്ടില്ല.
ശബ്ദരേഖയിലെ ആരോപണം ഗുരുതരമാണെങ്കിലും ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാൽ മാത്രമേ കേസെടുക്കാനാവൂവെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഇ.ഡിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സ്വപ്ന റിമാൻഡിലായതിനാൽ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാവില്ലെന്ന് ജയിൽ വകുപ്പ് നിലപാടെടുത്തു. സ്വപ്നയെ അറസ്റ്റ് ചെയ്തിട്ടുള്ള എൻ.ഐ.എ, കസ്റ്റംസ് എന്നിവയുടെ അനുമതിയും ജയിൽ വകുപ്പ് തേടി. ഡോളർ കടത്തുകേസിൽ സ്വപ്ന കസ്റ്റഡിയിലായതിനാൽ, മൊഴിയെടുപ്പിന് കസ്റ്റംസ് അനുമതി നൽകിയില്ല. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയെ സമീപിക്കാനായിരുന്നു മറുപടി . ഇത് പൊലീസിന് കൈമാറിയ ജയിൽവകുപ്പ് ,അനുമതിവാങ്ങേണ്ട ഉത്തരവാദിത്വം പൊലീസിനാണെന്നും വ്യക്തമാക്കി. ശബ്ദരേഖ ചോർന്നതിൽ കേസെടുത്തിട്ടില്ലാത്തതിനാൽ കോടതിയെ സമീപിക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.