ഹൈദരാബാദ്: കടുത്ത മത്സരം നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ (ജി.എച്ച്.എം.സി) മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്.
ആകെയുള്ള 150 വാർഡുകളിൽ 146 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോൾ 56 സീറ്റിൽ ടി.ആർ.എസ് വിജയിച്ചു. വലിയ നേട്ടമുണ്ടാക്കിയ ബി.ജെ.പി 46 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് വെറും നാലു സീറ്റായിരുന്നു.അസദുദ്ദീൻ ഓവൈസിയുടെ ഐ.ഐ.എം.ഐ.എം 42 സീറ്റിലും വിജയിച്ചു. കോൺഗ്രസ് രണ്ടു സീറ്റിലൊതുങ്ങി.
തെലങ്കാനയിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പ്രചാരണത്തിനെത്തിയിരുന്നു.
രാവിലെ പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ ബി.ജെ.പിക്കായിരുന്നു മുന്നേറ്റം. പേപ്പർ ബാലറ്റ് എണ്ണിയതോടെ ടി.ആർ.എസ് മേൽക്കൈ നേടി.
150 ഡിവിഷനുകളിൽ നൂറിലും ടി.ആർ.എസ് - ബി.ജെ.പി നേരിട്ടുള്ള പോരാട്ടമായിരുന്നു. എ.ഐ.എം.ഐ.എം 51 സീറ്റുകളിലാണ് മത്സരിച്ചത്.
കൊവിഡ് കാരണം ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു വോട്ടിംഗ്.
പോളിംഗ് വളരെ കുറവായിരുന്നു. ഡിസംബർ ഒന്നിനു നടന്ന വോട്ടെടുപ്പിൽ 74.67 ലക്ഷം വോട്ടർമാരിൽ 34.50 ലക്ഷം പേരാണ് (46.55 ശതമാനം) വോട്ട് ചെയ്തത്.
ഇത്തവണ മേയർ പദവി വനിതാസംവരണമാണ്.
അതേസമയം 26ാം നമ്പർ വാർഡിൽ ബാലറ്റ് പേപ്പറിലെ അച്ചടി പിശക് കാരണം വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.
സംസ്ഥാന രൂപീകരണം മുതൽ കോർപ്പറേഷൻ ഭരിക്കുന്ന ടി.ആർ.എസ് 2016 ൽ 99 സീറ്റുകളിലും വിജയിച്ചിരുന്നു.
കക്ഷിനില