മുക്കം: വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് സഖ്യമോ ധാരണയോ ഇല്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുമ്പോൾ മുക്കം നഗരസഭയിലെ, വിശേഷിച്ച് ചേന്ദമംഗല്ലൂരിലെ അണികൾ തീരാത്ത ആശയക്കുഴപ്പത്തിൽ.
ഇരുപാർട്ടികളും തമ്മിലുള്ള സഖ്യവും ഒന്നിച്ചുള്ള തിരഞ്ഞെടുപ്പു പ്രചാരണവും തുടരുന്നത് പകൽവെളിച്ചം പോലെ കൺമുന്നിൽ തെളിഞ്ഞു നിൽക്കെയാണ് നേതാക്കളുടെ തുടരൻ പ്രസ്താവനകൾ. കെ പി സി സി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ കഴിഞ്ഞ ദിവസവും ബന്ധമില്ലായ്മ ആവർത്തിച്ചിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇതേ ദിവസം തൃശൂരിൽ വാർത്താസമ്മേളത്തിലും ഇതുതന്നെ പറഞ്ഞു.
മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂരിൽ ജമാ അത്തെ ഇസ്ലാമിയ്ക്കും അവരുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫേർ പാർട്ടിയ്ക്കും സ്വാധീനമുണ്ട്. അവിടെ നാലു സീറ്റിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ കോൺഗ്രസ്സും മുസ്ലിം ലീഗും പിന്തുണയ്ക്കുകയാണ്. ചേന്ദമംഗല്ലൂർ മേഖലയിലെ കണക്കുപറമ്പ് (18), മംഗലശ്ശേരി (19), പുൽപറമ്പ് (20), വെസ്റ്റ് ചേന്ദമംഗല്ലൂർ (21) എന്നീ ഡിവിഷനുകളിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുള്ളത്.
മുക്കം നഗരസഭയിൽ ആകെയുള്ള 33 സീറ്റിൽ 18-ൽ കോൺഗ്രസും 11- ൽ മുസ്ലിം ലീഗും മത്സരിക്കുന്നു. യു.ഡി.എഫ് മുക്കം മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ ടി.ടി സുലൈമാൻ (കോൺഗ്രസ്), കൺവീനർ ദാവൂദ് മുത്താലം (മുസ്ലിം ലീഗ്), മറ്റു നേതാക്കളായ ഒ.കെ ബൈജു, വേണു കല്ലുരുട്ടി എന്നിവർ തന്നെയാണ് മുക്കത്ത് വെൽഫെയർ പാർട്ടിയുമായി ധാരണയിലാണെന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. ഇതിന്റെ പേരിൽ ആരംഭിച്ച വിവാദം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമിയുടെ ഒരു പ്രവർത്തക യു.ഡി എഫിന് വോട്ട് ചെയ്യില്ല എന്ന് ഫേസ് ബുക്കിൽ പോസ്റ്റിട്ടത് കൂടുതൽ വിവാദമുയർത്തി. ജമാ അത്തെ ഇസ്ലാമി അനുഭാവിയാണെങ്കിലും യു. ഡി. എഫുകാർക്ക് വോട്ടു നൽകില്ലെന്നായിരുന്നു ലബീബ മംഗലശേരിയുടെ പോസ്റ്റ്. ഇതിനുള്ള കാരണങ്ങളും പോസ്റ്റിൽ അവർ വിശദീകരിക്കുന്നുണ്ട്.
വിവാദം മുറുകിയതോടെ മറ്റൊരു പോസ്റ്റിൽ അവരുടേതായി കൂടുതൽ വിശദീകരണവും വന്നു. 'യു. ഡി.എഫിന് വോട്ടു ചെയ്യില്ല എന്നു പറഞ്ഞാൽ അതിനർത്ഥം എൽ.ഡി.എഫിന് വോട്ടു ചെയ്യും എന്നല്ല " എന്നായിരുന്നു അത്. ജമാ അത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത നിലപാടു ഒപ്പം കൂട്ടിച്ചേർക്കുന്നുമുണ്ട്; 'ഇന്ത്യയിലെ മുഖ്യധാരാ പാർട്ടികളിലൊന്നും തന്നെ എനിക്ക് വിശ്വാസമില്ല''.