കൊല്ലം: ദാരിദ്ര്യം മറികടക്കാൻ പതിനേഴാം വയസിൽ പങ്കായവുമായി കടലിൽ പോയിത്തുടങ്ങിയതാണ് ഹരിദത്ത്. കിട്ടുന്ന കൂലിക്ക് വയറുനിറയെ ആഹാരം വാങ്ങി കഴിക്കണം, പിന്നെ പുസ്തകങ്ങൾ വാങ്ങണം ഇത് മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. ഇപ്പോൾ ഹരിദത്തിന്റെ ജീവിതം തന്നെ കടലാണ്.
നീണ്ടകര പഞ്ചായത്തിലെ ഫിഷർമെൻ കോളനി മൂന്നാം വർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഹരിദത്ത്. പണ്ട് മറ്റുള്ളവരുടെ വള്ളങ്ങളിലാണ് കടലിൽ പോയിരുന്നത്. ഇപ്പോൾ സ്വന്തമായി
ഫൈബർ വള്ളമുണ്ട്. അതിൽ ഹരിദത്ത് ഉൾപ്പെടെ 30 പണിക്കാരും. കാറ്റും കോളും ഇല്ലെങ്കിൽ രാവിലെ അഞ്ചിന് തന്നെ കടലിലേക്ക് കുതിക്കും. സ്ഥാനാർത്ഥിയായതോടെ കഴിഞ്ഞ ഒരാഴ്ചയായി പണിക്ക് പോകുന്നില്ല.
ഹരിദത്തിന്റെ അച്ഛനമ്മമാർക്ക് നാല് മക്കളാണ്. ഏറ്റവും ഇളയതാണ് ഹരിദത്ത്. മത്സ്യത്തൊഴിലാളിയായിരുന്ന അച്ഛൻ അടുത്തിടെ മരിച്ചു. പഠിച്ച് വലിയ ശമ്പളമുള്ള ജോലി വാങ്ങണമെന്നായിരുന്നു ഹരിദത്തിന്റെ കുട്ടിക്കാലത്തെ സ്വപ്നം. പക്ഷെ മൂത്ത മൂന്ന് സഹോദരങ്ങളെ പഠിപ്പിക്കാനും വളർത്താനുമുള്ള വരുമാനം അച്ഛന് കിട്ടുമായിരുന്നില്ല. ഇതോടെ ബിരുദ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കടലിൽ പണിക്കിറങ്ങി.
ഇപ്പോൾ 36 വയസായി. കടലിനോട് പ്രേമം മൂത്തപ്പോൾ വിവാഹം മറന്നു. പുത്തൻതുറ ഫിഷർമെൻ കോളനി വാർഡിലെ ഭൂരിഭാഗം വോട്ടർമാരും മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമാണ്.