ആശങ്ക അയഞ്ഞു, ഇനി ആശ്വാസം
കൊല്ലം: ചുഴലിയായും തീവ്രന്യൂനമർദ്ദമായും നാട്ടിൽ കെടുതി വിതയ്ക്കുമെന്ന് കരുതിയ ബുറേവി ചുഴലിക്കാറ്റ് ദുർബലമായതിന്റെ ആശ്വാസത്തിലാണ് നാട്. ബംഗാൾ ഉൾക്കടലിൽ ബുറേവി പിറവിയെടുത്തത് മുതൽ കേന്ദ്ര - സംസ്ഥാന ദുരന്തനിവാരണ അതോറിട്ടികൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഓഖിയുടെയും പ്രളയക്കെടുതികളുടെയും ഓർമ്മകളിൽ നടുക്കത്തിലായിരുന്നു നാട്.
ബുറേവിയുടെ വരവ് കണക്കിലെടുത്ത് അഞ്ച് ജില്ലകൾക്ക് സർക്കാർ പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. പൊലീസ്, റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യവകുപ്പുകളും സാദ്ധ്യമായ കരുതൽ സ്വീകരിച്ച് ദുരന്തം നേരിടാൻ സജ്ജരായിരിക്കുമ്പോഴാണ് തമിഴ്നാട്ടിൽ പ്രവേശിച്ചശേഷം ബുറേവിയുടെ ശക്തി കുറയുകയും തീവ്രന്യൂനമർദ്ദമായി രൂപാന്തരപ്പെടുകയും ചെയ്തതായി വാർത്തയെത്തിയത്.
ദുർബലമായ ബുറേവി തിരുവനന്തപുരം- കൊല്ലം ജില്ലകളുടെ അതിർത്തിയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്ന് വന്നതോടെ കൊല്ലം ജില്ലയുടെ തെക്കൻ അതിർത്തി പ്രദേശങ്ങളിലും കൊല്ലം മുതൽ പരവൂർ വരെയുള്ള തീരദേശത്തുമാണ് ഇപ്പോൾ രക്ഷാപ്രവർത്തകരുടെ ശ്രദ്ധ.
അടിയന്തര സാഹചര്യം നേരിടാൻ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിരുന്നു. വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ വിവരം കൈമാറാൻ കെ.എസ്.ഇ.ബിയും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
ജില്ലയിൽ ജാഗ്രത തുടരും
ജില്ലയിൽ സജ്ജമാക്കിയ സംവിധാനങ്ങളും ജാഗ്രതയും തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. കൺട്രോൾ റൂമുകൾ അതേപടി തുടരും. എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്തനിവാരണത്തിന് ചുമതലപ്പെട്ട എല്ലാ വകുപ്പുകളും ജാഗ്രത തുടരും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ജില്ലയിൽ നിതാന്ത ജാഗ്രത പുലർത്തുമെന്ന് കളക്ടർ അറിയിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചതൊഴിച്ചാൽ ഭൂരിഭാഗം മേഖലകളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കിഴക്കൻ മേഖലയിലെ കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് ഭാഗങ്ങളിൽ ചുഴലിക്കാറ്റ് ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ആവശ്യമെങ്കിൽ 35,000 പേരെ മാറ്റി താമസിപ്പിക്കാൻ 358 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.
കാറ്റിനും മഴയ്ക്കും സാദ്ധ്യത
ബുറേവി ദുർബലമായെങ്കിലും കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാനിർദേശം സർക്കാർ പിൻവലിച്ചിട്ടില്ല. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം ശേഷിക്കെ ബുറേവിയുടെ വരവ് ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കിയിരുന്നു. എന്നാൽ ആശങ്കയുടെ മണിക്കൂറുകൾക്ക് ശേഷം ബുറേവി ദുർബലമായെന്ന ആശ്വാസ വാർത്തയാണ് എത്തിയത്.