ജില്ലയിലെ പോളിംഗ് ബൂത്തിലേക്ക് ദൂരമേറെ
കൊല്ലം: ജില്ലയിയുടെ 'വോട്ടുപെട്ടി' കിഴക്ക് വനമേഖല മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ നീണ്ടുകിടക്കുകയാണ്. 1,420 വാർഡുകളിലായി 22,20,425 വോട്ടർമാരാണ് വോട്ടിടാൻ പോളിംഗ് ബൂത്തുകളിലേക്ക് എത്തുക. 2,761 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാകുന്നത്. വനവും കായലും താണ്ടി പോളിംഗ് ബൂത്തിലെത്തുന്ന ആയിരക്കണക്കിന് വോട്ടർമാരും ഇവരിൽ ഉൾപ്പെടും. കൊവിഡ് കാലത്തും വെല്ലുവിളി മറികടന്ന് വോട്ടർമാർ ബൂത്തിലെത്തുമെന്നാണ് സ്ഥാനാർത്ഥികളുടെയും പ്രതീക്ഷ.
തുഴയെറിഞ്ഞ് കൊതുമ്പ് വള്ളത്തിൽ
അഷ്ടമുടിയുടെയും കല്ലടയാറിന്റെയും കൈവഴികളാൽ ചുറ്റപ്പെട്ട മൺറോത്തുരുത്തിൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലെത്തുന്നത് കൊതുമ്പ് വള്ളങ്ങളിലാണ്. മഴയും വെയിലും തുഴഞ്ഞുനീക്കി ഉയർന്ന പോളിംഗ് നിരക്ക് രേഖപ്പെടുത്തുന്നതാണ് മൺറോത്തുരുത്തിന്റെ ചരിത്രം. 13 പോളിംഗ് ബൂത്തുകളുള്ള മൺറോത്തുരുത്ത് ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് ബൂത്തുകളുള്ള പഞ്ചായത്താണ്. കൈവഴികളിലൂടെ പോളിംഗ് ബൂത്തിലെത്താൻ ശരാശരി ഒരു കിലോമീറ്റർ ദൂരം തുഴയെറിയേണ്ടവരാണ് വോട്ടർമാരിൽ മിക്കവരും. പോളിംഗ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് എത്തുന്നതും വള്ളങ്ങളിലാണ്.
കാൽനട താണ്ടണം, കിലോമീറ്ററുകൾ
ജില്ലയുടെ കിഴക്കേ അതിർത്തിയിൽ വനമേഖലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്തുകളിൽ വോട്ട് ചെയ്യാൻ ജനങ്ങൾ ഒന്ന് മുതൽ മൂന്ന് കിലോമീറ്റർ വരെ നടന്നെത്തണം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ ഇവിടുത്തെ വാർഡുകളും പഞ്ചായത്തും ഏറെ വിസ്തൃതമാണ്. അതിനാൽ പോളിംഗ് ബൂത്തുകളിലേക്കുള്ള ദൂരവും കൂടും. സാധാരണക്കാരായതിനാൽ നടന്നാണ് ബൂത്തിലെത്തുക. പുനലൂർ നഗരസഭ കടന്ന് കിഴക്കോട്ട് പോകുന്ന ആര്യങ്കാവ്, കുളത്തൂപ്പുഴ ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ സ്ഥിതിയും സമാനമാണ്.
വോട്ട് ചെയ്യാൻ ജില്ല കടക്കണം
പത്തനംതിട്ട - കൊല്ലം ജില്ലാ അതിർത്തിയിൽ താമസിക്കുന്നവർ പത്തനംതിട്ടയിലെ ബൂത്തിൽ വോട്ട് ചെയ്യാൻ ആദ്യം അതിർത്തി കടന്ന് കൊല്ലത്ത് കയറണം. അവിടെ നിന്ന് വേണം സ്വന്തം ജില്ലയിലെ ബൂത്തിലേക്ക് പോകാൻ. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് കാരണം. അതിനാൽ പത്തനംതിട്ടയിലെ പ്രചാരണ വാഹനങ്ങളും നിരന്തരം കൊല്ലം ജില്ലയ്ക്കുള്ളിൽ കയറി പ്രചാരണം നടത്തേണ്ടി വരും.
ജില്ലയിൽ
ആകെ വാർഡുകൾ: 1,420
ബൂത്തുകൾ: 2,761
വോട്ടർമാർ: 22,20,425