കയ്പമംഗലം: പതിനഞ്ചാം വാർഡിലെ മത്സരം ടീച്ചറും കുട്ട്യോളും പൊടിപാറിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കയ്പമംഗലം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഗവ. ഫിഷറീസ് സ്കൂളിലെ റിട്ട. പ്രിൻസിപ്പലായിരുന്ന പി.കെ സുകന്യ ടീച്ചറും വിദ്യാർത്ഥികളായ ജ്യോത്സ്നയും ഇന്ദുകലയും തമ്മിൽ മത്സരിക്കുന്നത്. ഈ വാർഡിലെ മുൻ പഞ്ചായത്തംഗം പി.ടി രാമചന്ദ്രന്റെ ഭാര്യയായ സുകന്യ ടീച്ചർ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ് ജ്യോത്സ്ന ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിനിയായിരുന്നു. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെന്ന ബഹുമതിയും ജ്യോത്സ്നയ്ക്ക് തന്നെ. 21 കാരിയായ ജ്യോത്സ്ന കേരളവർമ്മ കോളേജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കി ഇപ്പോൾ എൽ.എൽ.ബിക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ എസ്.എഫ്.ഐ നാട്ടിക ഏരിയ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇതേ സ്കൂളിലെ മുൻ പി.ടി.എ പ്രസിഡന്റും സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്ന ബി.എസ് ശക്തിധരന്റെ മകളാണ് ജ്യോത്സ്ന.
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ് ഇന്ദുകലയും ഇതേ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ഇന്ദുകല മഹിളാ മോർച്ച കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബി.ജെ.പി പ്രവർത്തകനായ കോഴിപറമ്പിൽ നോബിയുടെ ഭാര്യയുമാണ്. നാല് റൗണ്ട് പൂർത്തിയാക്കിയും, വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയും ചെയ്ത മൂവരും വിജയ പ്രതീക്ഷയിലാണ്. കാലങ്ങളായി യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്ന വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി രണ്ടാം സ്ഥാനത്തുമായിരുന്നു.