മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനയുടെ (വല്ലഭൻ) അമിതമായി വളർന്ന കൊമ്പ് മുറിച്ച് ആകൃതി വരുത്തി. ഇന്നലെ രാവിലെ 10ന് ആരംഭിച്ച കൊമ്പുമുറിക്കൽ മൂന്ന് മണിക്കൂറിന് ശേഷമാണ് പൂർത്തിയായത്. അതിനുശേഷം ഭക്ഷണം കഴിക്കാൻ പാകത്തിൽ കൊമ്പിന് ആകൃതി വരുത്തി. അസിസ്റ്റന്റ് കമ്മിഷണർ എസ്.ആർ. സജിൻ, നെയ്യാറ്റിൻകര എ.സി കെ. ഉഷ, സബ് ഗ്രൂപ്പ് ഓഫീസർ സതികുമാർ, വനംവകുപ്പ് ജീവനക്കാർ, മൃഗ ഡോക്ടർമാർ, റെയ്ഞ്ച് ഓഫീസർ ദിവ്യ എസ്.എസ് റോസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൊമ്പിന്റെ വലിപ്പം രേഖപ്പെടുത്തി. എറണാകുളം എളമക്കര സ്വദേശി വിനയനാണ് കൊമ്പ് മുറിച്ചത്. ഇക്കഴിഞ്ഞ 20ന് വല്ലഭന്റെ കൊമ്പ് മുറിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ദേവസ്വം അധികൃതരുമായുള്ള തർക്കത്തെ തുടർന്ന് പിന്മാറിയിരുന്നു. കൊമ്പിന്റെ നീളം ക്രമപ്പെടുത്തി മുറിക്കുക മാത്രമേ ചെയ്യൂവെന്ന ഫോറസ്റ്റ് അധികൃതരുടെ അഭിപ്രായത്തോട് ദേവസ്വം ബോർഡ് അധികൃതർ വിയോജിച്ചതാണ് അന്ന് തർക്കത്തിന് കാരണമായത്.