ആസ്ട്രേലിയക്കെതിരായ ഒന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം
കൺകഷൻ സബ് ആയി ഇറങ്ങിയ യൂസ്വേന്ദ്ര ചഹൽ മാൻ ഒഫ് ദമാച്ച്
സഞ്ജു സാംസണും തിളങ്ങി
കാൻബറ: ആസ്ട്രേലിയക്കെതിരായ ട്വന്റി-20പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. മറുപടിക്കിറങ്ങിയ ആസ്ട്രേലിയക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. കൺകഷൻ സബ്ബായി ഇറങ്ങി നിർണായക മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ യൂസ്വേന്ദ്ര ചഹലാണ് കളിയിലെ കേമൻ.
3 വിക്കറ്റ് നേടി രാജ്യത്തിനായുള്ള ട്വന്റി-20 അരങ്ങേറ്റവും ഗംഭീരമാക്കിയ ടി.നടരാജനും പ്രതിസന്ധിഘട്ടത്തിൽ ബാറ്റ് കൊണ്ട് മിന്നലാട്ടം നടത്തിയ രവീന്ദ്ര ജഡേജയും അർദ്ധ സെഞ്ച്വറി നേടിയ കെ.എൽ രാഹുലും ബാറ്റിംഗിലും ഫീൽഡിംഗിലും തിളങ്ങിയ സഞ്ജു സാംസണും ഇന്ത്യൻ വിജയത്തിൽ നിണായക പങ്കുവഹിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സീനിയർ ഓപ്പണർ ശിഖർ ധവാന്റെ (1) വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. സ്റ്റാർക്ക് ക്ലീൻബൗൾഡാക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ നായകൻ കൊഹ്ലി (9) സ്വെപ്സണ് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. പിന്നീട് ക്രീസിലെത്തിയ സഞ്ജു തകർത്തടിച്ച് രാഹുലിനൊപ്പം ഇന്ത്യൻ സ്കോർ മുന്നോട്ടു കൊണ്ടു പോയി. നന്നായി കളിച്ചു വരികയായിരുന്ന സഞ്ജുവിനെ 12-ാം ഓവറിലെ ആദ്യ പന്തിൽ മോയിസസ് ഹെൻറിക്കസ് സ്വെപ്സണിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. 15 പന്തിൽ നിന്ന് 1വീതം സിക്സും ഫോറുമടക്കം 23 റൺസുമായാണ് സഞ്ജു മടങ്ങിയത്. പിന്നാലെ മനീഷ് പാണ്ഡേയും (2) അർദ്ധ സെഞ്ച്വറി തികച്ചയുടനേ (51) കെ.എൽ രാഹുലും മടങ്ങി. 40 പന്ത് നേരിട്ട് 5 ഫോറും 1 സിക്സും ഉൾപ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. 92/5 എന്ന നിലയിൽ തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ പിന്നീടെത്തിയ ജഡേജ വെടിക്കെട്ട് ബാറ്റിംഗുമായി ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു. 23 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 44 റൺസുമായി ജഡേജ പുറത്താകാതെ നിന്നു.
ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആസ്ട്രേലിയയ്ക്ക് ഓപ്പണർമാരായ ആരോൺ ഫിഞ്ചും (35), ഷോർട്ടും (34) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ബാറ്രിംഗിനിടെ പന്ത് തലയിൽ കൊണ്ട ജഡേജയ്ക്ക് പകരക്കാരനായി കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായിറങ്ങിയ യൂസ്വേന്ദ്ര ചഹലും അരങ്ങേറ്റക്കാരൻ നടരാജനും തകർപ്പൻ ബൗളിംഗുമായി കംഗാരുക്കളെ കുടുക്കുകയായിരുന്നു. 4 ഓവറിൽ 25 റൺസ് നൽകി ചഹലും 4 ഓവറിൽ 30 റൺസ് നൽകി നടരാജനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ചഹർ 1 വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ വിക്കറ്റൊന്നും നേടിയില്ലെങ്കിലും 4 ഓവറിൽ 16 റൺസ് മാത്രമേ വിട്ടു കൊടുത്തുള്ളൂ. 4 ഓവറിൽ 46 റൺസ് വഴങ്ങിയ ഷമി മാത്രമേ ഇന്ത്യൻ ബൗളിംഗ് നിരയിൽ നിരാശപ്പെടുത്തിയുള്ളൂ. അപകടകാരിയായ സ്മിത്തിനെ പുറത്താക്കാൻ ഡീപ് മിഡ് വിക്കറ്റിൽ സഞ്ജുവെടുത്ത വിസ്മയ ക്യാച്ച് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.