ന്യൂഡൽഹി: മലയാളി പരിശീലകൻ രാധാകൃഷ്ണൻ നായരെ ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ ചീഫ് പരിശീലകനായി നിയമിച്ചു. ചീഫ് കോച്ചായിരുന്ന ബഹാദുർ സിംഗ് കരാർ ദീർഘിപ്പിക്കാത്തതിനെത്തുടർന്ന് ജൂലായിൽ രാജിവച്ച ഒഴിവിലാണ് രാധാകൃഷ്ണനെ നിയമിച്ചതെന്ന അത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ പത്രക്കുറിപ്പിൽ അറിയിച്ചു. 62കാരനായ രാധാകൃഷ്ണൻ ഡെപ്യൂട്ടി ചീഫ് കോച്ചായിൽ ഏഴ് വർത്തോളമായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ബഹാദുർസിംഗിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കാനായത് വലിയ അനുഭവ പാഠമാണെന്ന് രാധാകൃഷ്ണൻ നായർ പറഞ്ഞു. ലോക അത്ലറ്റിക് ലെവൽ അഞ്ച് നിലവാരമുള്ള കോച്ചായ രാധാകൃഷ്ണൻ നായർ അംഗീകാരമുള്ള ടെക്നിക്കൽ ഒഫീഷ്യലാണ്.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ കോച്ചിംഗ് എന്റിച്മെന്റ് പ്രോഗ്രാം സർട്ടിഫിക്കറ്റുള്ള ആദ്യ ഇന്ത്യക്കാരനാണ് രാധാകൃഷ്ണൻ നായരെന്നും അദ്ദേഹത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞു.