തിരുവനന്തപുരം:തിരഞ്ഞെടുപ്പങ്കം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഓൺലൈനിലൂടെയുള്ള വോട്ടുപിടിത്തം കൂടുതൽ സജീവമാവുകയാണ്. കൊവിഡ് സാഹചര്യത്തിൽ വിർച്വൽ ലോകത്തെ പ്രചാരണതന്ത്രത്തിന് ഇത്തവണ പ്രാധാന്യം കൂടുതലാണ്. വോട്ടുപിടിക്കാൻ സ്ഥാനാർത്ഥികൾ വാർഡുകളിൽ സജീവമാണെങ്കിലും അതിലും ഒരുപടി മുകളിലാണ് ഇത്തവണ ഓൺലൈൻ പ്രചാരണം. ഫേസ്ബുക്കിലോടുന്ന അനൗൺസ്മെന്റ് വണ്ടികൾ...ഗൂഗിൾ മീറ്റിൽ നടക്കുന്ന വാർഡ് കമ്മിറ്റികൾ...വാട്സാപ്പ് ഗ്രൂപ്പുകളിലെ വോട്ടഭ്യർത്ഥനകൾ തുടങ്ങി സർവം ഓൺലൈൻ മയം.ന്യൂജൻ വോട്ടർമാരെ ആകർഷിക്കാനാണ് ഈ പ്രചാരണ തന്ത്രങ്ങൾ.
വൈറലാകാൻ പുതിയ വേഷം, പുതിയ മുഖം
തലപ്പടങ്ങളും കൈവീശലും മുഷ്ടിചുരുട്ടലുമൊന്നും ന്യൂജെൻ വോട്ടർമാരെ പിടിക്കാൻ വിലപ്പോവില്ലെന്ന് മനസിലാക്കിയതോടെ സോഷ്യൽ മീഡിയയിലും അല്ലാതെയും പോസ്റ്റർ വെറൈറ്റികളിറക്കി ശ്രദ്ധ നേടിക്കഴിഞ്ഞു സ്ഥാനാർത്ഥികൾ. ചായക്കടയിലും കവലയിലും നിന്നും ഇരുന്നും വിവിധ പോസുകളിലുള്ള ഫോട്ടോകൾ, വോട്ടർമാരോട് ഇടപഴകുന്ന 'ക്യാൻഡിഡ്' ചിത്രങ്ങൾ എന്നീ വിദ്യകളും ഇക്കുറി പയറ്റി.അത്രയ്ക്കങ്ങ് രസിക്കാത്ത ഫോട്ടോകളെ 'ചീപ്പ് ഷോ' എന്നു കമന്റിട്ട് തളർത്താനും ന്യൂജെൻ വോട്ടേഴ്സിന് മടിയില്ല.സ്ഥാനാർത്ഥികൾക്ക് വേണ്ടി ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട് പ്രവർത്തകർ.
വോട്ടുവണ്ടികൾ സജീവം
പത്രികാ സമർപ്പണത്തിനു മുമ്പുതന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായ വോട്ടുവണ്ടികളും പ്രചാരണ തിരക്കിലാണ്.ഫേസ്ബുക്ക്,വാട്സാപ്പ് എന്നിവയിലൂടെ ഡിജിറ്റൽ വോട്ടുവണ്ടികൾ നിരവധി തവണ പ്രചാരണം നടത്തിക്കഴിഞ്ഞു. സ്ഥാനാർത്ഥികളുടെ പേജുകൾ,പാർട്ടി ഗ്രൂപ്പുകൾ,നാട്ടിലെ വിവിധ ഗ്രൂപ്പുകൾ എന്നിവയിലെല്ലാം വോട്ടുവണ്ടികളുടെ തിരക്കോട്ടമാണ്. റോഡിലെ പ്രചാരണ വണ്ടികളെക്കാൾ മുന്നിലാണ് ഈ ഡിജിറ്രൽ വണ്ടികൾ.
പണിയെടുക്കാനും 'പണി'
കൊടുക്കാനും പി.ആർ ടീം
പാർട്ടികളുടെ മീഡിയാ സെല്ലുകളിലും സ്ഥാനാർത്ഥികളുടെ പ്രചാരണം മൊത്തമായി ഏറ്റെടുത്തിരിക്കുന്ന പബ്ലിക് റിലേഷൻ ടീമുകളും കട്ടത്തിരക്കിലാണ്. സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായി ഏതറ്റംവരെപ്പോകാനും ഇത്തരം ടീമുകൾക്ക് മടിയില്ല.സ്ഥാനാർഥികളുടെ ഫേസ്ബുക്ക് പേജുകളിൽ വരുന്ന കമന്റുകൾക്ക് കൃത്യമായി മറുപടി കൊടുക്കാനും എതിർ സ്ഥാനാർത്ഥികളുടെ പഴയ മണ്ടത്തരങ്ങൾ കുത്തിപ്പൊക്കലുമടക്കം മൊത്തമായി ക്വട്ടേഷൻ എടുത്തിരിക്കുന്ന ടീമുകൾ ഊണും ഉറക്കവുമില്ലാതെ 'പണി'യെടുക്കുകയാണ്.
തിരുവനന്തപുരത്തടക്കം വിവിധ ജില്ലകളിൽ ഓൺലൈൻ പ്രചാരണത്തിന് വ്യത്യസ്തമായ കണ്ടന്റുകൾ നിർമ്മിച്ചു നൽകുന്നുണ്ട്.പോസ്റ്ററുകൾ, മോഷൻ പിക്ച്ചറുകൾ,ഡോക്യുമെന്ററികൾ തുടങ്ങിയവയെല്ലാം ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികൾ മുതൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർത്ഥികൾക്കു വരെ ചെയ്തു നൽകി. ആളുകൾ ശ്രദ്ധിക്കുന്ന തരം പോസ്റ്ററുകളാണ് എല്ലാവർക്കും വേണ്ടത്.
യു.സുജിൻ, കൈറ്റ്സ് മീഡിയ