കൊച്ചി: കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് സാരിയിൽ കെട്ടിത്തൂങ്ങി രക്ഷപ്പെടാൻ ശ്രമിക്കവെ 52 വയസുകാരി നിലത്തുവീണു. ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ സ്ത്രീ വീണതെന്നാണ് പൊലീസ് സ്ഥിരീകരണം. സേലം സ്വദേശിയായ കുമാരിയ്ക്കാണ് തലയ്ക്ക് ഉൾപ്പടെ ഗുരുതര പരിക്ക് പറ്റിയിരിക്കുന്നത്.
സംഭവത്തിൽ ഫ്ളാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പരിക്കേറ്റ കുമാരി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഫ്ളാറ്റ് ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉൾപ്പടെ സ്ഥലത്തെത്തി ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് പിന്നീട് ലേക്ഷോറിലേക്ക് മാറ്റിയത്.
ഫ്ളാറ്റ് ഉടമയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു കുമാരി. കൊവിഡിന് മുമ്പ് അവധിയെടുത്ത് നാട്ടിൽ പോയ കുമാരി പത്ത് ദിവസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഇവർ ജോലിയ്ക്കിടെ പീഡനങ്ങൾ നേരിട്ടിരുന്നോവെന്നും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോവെന്നും അടക്കമുളള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ സാരിക്കെട്ടിത്തൂക്കി ഇറങ്ങാൻ ശ്രമിച്ച മുറിയുടെ വാതിൽ പൂട്ടിയിരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കുമാരിയെ ചോദ്യം ചെയ്ത ശേഷം മാത്രമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുളളൂവെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.