കോട്ടയം : മില്ലുടമകളുടെ തട്ടിപ്പിനെ തുടർന്ന് കുമരകം വട്ടക്കായലിൽ കൊയ്തെടുത്ത നെല്ല് 14 ദിവസമായി പാടത്ത് കൂടിക്കിടക്കുന്നു. നെല്ല് സംഭരിക്കുന്നതിന് എട്ടുകിലോ കിഴിവ് വേണമെന്ന മില്ലുടമകളുടെ നിലപാടാണ് സംഭരണം വൈകിപ്പിക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന നെല്ലിന് മഴ ഭീഷണിയായി എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയിലും ആശങ്കയിലുമാണ് കർഷകർ. 190 ഏക്കറിൽ 151 കർഷകരാണ് പ്രളയകാലത്തെയും കനത്ത മഴയെയും അവഗണിച്ച് കൃഷിയിറക്കിയത്.
ആദ്യം എത്തിയ മില്ലുടമകൾ നെല്ലിനു എട്ടു കിലോ കിഴിവ് വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കർഷകർക്ക് വൻനഷ്ടത്തിനിടയാക്കും. ഒരു ക്വിന്റൽ നെല്ലിന് ഒരു കിലോ കിഴിവാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ, ആദ്യം എത്തുന്ന മില്ലുടമകൾ എട്ടു കിലോ കിഴിവ് ആവശ്യപ്പെട്ടാൽ പിന്നാലെ എത്തുന്ന മില്ലുടമകൾ സ്വാഭാവികമായും മൂന്നു കിലോ വരെയെങ്കിലും കിഴിവ് പറയേണ്ടി വരും. ഈ സാഹചര്യത്തിൽ കർഷകർ ഇത് അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാകും. ഈ തന്ത്രമാണ് മില്ലുടമകൾ പയറ്റുന്നത്.
കൂടികിടക്കുന്നത് 38 ടൺ നെല്ല്
38 ടണ്ണിലേറെ നെല്ലാണ് ഇവിടെ കിടക്കുന്നത്. പാടശേഖരത്തിൽ നിന്ന് നെല്ല് ചുമന്നു കയറ്റുന്നതിനുള്ള കൂലിയും കർഷകർ ൽകണം. ഈ സാഹചര്യത്തിൽ കർഷകർക്ക് കടുത്ത ബാദ്ധ്യതയാണ് ഉണ്ടാകുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കർഷകർ പാഡി ഓഫീസറെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. സർക്കാർ സഹായമാണ് ഇവരുടെ പ്രതീക്ഷ.
കൃഷിയിറക്കിയത് : 190 ഏക്കർ