വൈക്കം : അഷ്ടമിയെ വരവേൽക്കാൻ വൈക്കം മഹാദേവ ക്ഷേത്രമൊരുങ്ങി. 8 നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി.
അഷ്ടമി ദിവസം പുലർച്ചെ 4.30 മുതൽ 1 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും ക്ഷേത്ര ദർശനം നടത്താം.
അഷ്ടമി വിളക്ക് സമയത്ത് നടക്കുന്ന വലിയ കാണിക്കയ്ക്ക് രാത്രി 9.30 മുതൽ 11 വരെയാണ് ദർശനം.
ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനമുള്ളൂ. 10 ന് താഴെ പ്രായമുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. അഷ്ടമി ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു.
വൈക്കത്തഷ്ടമി വിളക്കിന് വൈക്കത്തപ്പനേയും ഉദയനാപുരത്തപ്പനെയും കൂടാതെ ഏഴു ദേശ ദേവതമാരുടെ എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ വരുക പതിവാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾക്ക് മാത്രമേ അനുമതിയുള്ളൂ. അഷ്ടമി എഴുന്നള്ളിപ്പിന് അനുവാദം നല്കണമെന്ന് ആവശ്യപ്പട്ട് മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ഊരാഴ്മക്കാരും കൂട്ടുമ്മേൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയും അധികാരികളെ സമീപിച്ചിട്ടുണ്ട്.
ഭക്തജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
കിഴക്കേ ഗോപുരം വഴി നാലമ്പലത്തിൽ പ്രവേശിച്ച് വടക്കേ ഗോപുരം വഴി പുറത്തേക്ക് പോകണം
വലിയ കാണിക്ക സമയത്ത് വടക്കേ ഗോപുരം വഴി പ്രവേശിച്ച് അഷ്ടമി വിളക്ക് തൊഴുത് തെക്കേ ഗോപുരനടയിലൂടെ പുറത്തു പോകണം
രണ്ട് ആനകൾക്ക് അനുമതി
അഷ്ടമി എഴുന്നള്ളിപ്പിന് മുൻവർഷങ്ങളിൽ 13 ഗജവീരന്മാർ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ രണ്ട് ആനകൾക്ക് മാത്രമാണ് അനുമതി. അഷ്ടമി ദിനത്തിൽ ദേവസ്വം ബോർഡിന്റെ 121 പറ അരിയുടെ പ്രാതൽ നടന്നിരുന്നു. ഇത്തവണ കൊവിഡ് മൂലം പ്രാതൽ ഒരുക്കുന്നില്ല. അഷ്ടമി ഡ്യൂട്ടിയ്ക്കായി ദേവസ്വം ബോർഡ് വൈക്കം ഗ്രൂപ്പിലെ 40 പേരെ അധികമായി നിയമിച്ചിട്ടുണ്ട്.