പൊൻകുന്നം : ഇടത് - വലത് മുന്നണികൾ കേരളം മാറി മാറി ഭരിക്കുന്നത് ആർക്കുവേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം കാണാൻ കഴിയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തക്കാർക്ക് വേണ്ടിയെന്നതിലുപരി മോദി സർക്കാരിന്റെ ഭരണം പോലെ എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നതാവണം ഭരണം. കള്ളപ്പണക്കാരെ എങ്ങനെ ഇടതുപക്ഷമെന്ന് വിളിക്കാൻ കഴിയും. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിൽ എന്തുകൊണ്ട് കുടിവെള്ള, മാലിന്യ, പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയുന്നില്ല. എൻ.ഡി.എയ്ക്ക് ഭരണം കിട്ടിയാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ജി. ഹരിലാൽ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, കെ.ജി.കണ്ണൻ, ടി.ബി. ബിനു, കെ.എസ്. അജി എന്നിവർ പങ്കെടുത്തു.