യു.ഡി.എഫ് -ബി.ജെ.പി സഖ്യമെന്ന് എൽ.ഡി.എഫ്
കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണ പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കൊണ്ടും കൊടുത്തും മുന്നണികൾ. പലയിടത്തും ബി.ജെ.പിയുമായി യു.ഡി.എഫ് സഖ്യത്തിലാണെന്ന ആരോപണവുമായി ഇടതുമുന്നണി രംഗത്തെത്തിയപ്പോൾ യു.ഡി.എഫ് നേതാക്കൾ ഇത് നിഷേധിച്ചു. 1140 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നാലിലൊന്ന് വരുന്ന 261 വാർഡുകളിൽ ബി.ജെ.പിയ്ക്ക് സ്ഥാനാർത്ഥികളില്ലെന്ന് സി.പി.എം നേതാക്കളായ വൈക്കം വിശ്വനും, വി.എൻ.വാസവനും ആരോപിച്ചു. 204 നഗരസഭ വാർഡുകളിൽ നൂറിലേറെ വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളില്ല. പതിനൊന്നു ബ്ലോക്കുകളിലും സ്ഥിതിയിതാണ്.
സ്ഥാനാർത്ഥികളില്ലാത്തിടത്ത് ഇടതുമുന്നണിയെ തോൽപ്പിക്കാൻ ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചു കൊടുക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് എൽ.ഡി.എഫ് നേതാക്കൾ തൊടുത്തുവിടുന്നത്. ബി.ജെ.പി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുള്ളിടത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ച് ഒന്നിച്ചു നിൽക്കുകയോ വോട്ടുകൾ മറിക്കുകയോ ചെയ്യുന്നു. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി എന്നിവയുമായും യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. ഇതുകൊണ്ടൊന്നും ഇടതുമുന്നണിയെ തോൽപ്പിക്കാനാവില്ല. ജില്ലയിൽ ശക്തമായ സ്വീധീനമുള്ള കേരളകോൺഗ്രസ് ജോസ് വിഭാഗം മുന്നണിയിലെത്തിയതോടെ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത്, നഗരസഭ , ബ്ലോക്ക് ഡിവിഷനുകളിൽ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്നും വൈക്കം വിശ്വനും വി.എൻ.വാസവനും അവകാശപ്പെട്ടു.
സി.പി.എമ്മിന്റെ തറവേലയെന്ന് തിരുവഞ്ചൂർ
വർഷങ്ങളായി സി.പി.എം നടത്തുന്ന തറവേലയാണ് വോട്ടെടുപ്പ് അടുക്കുമ്പോൾ യു.ഡി.എഫ് , ബി.ജെ.പി കൂട്ടുകെട്ടെന്ന ആരോപണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പരാജയഭീതിയിൽ നിന്നാണ് ഇത്തരമൊരു ആരോപണം. പലയിടത്തും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടുണ്ട്. എസ്.ഡി.പി.ഐ വെൽഫയർ പാർട്ടികളുമായി ഒരു വാർഡിൽ പോലും യു.ഡി.എഫിന് ബന്ധമില്ല. എന്നിട്ടും ഭൂരിപക്ഷ വർഗീയത മുന്നിൽ കണ്ടാണ് നട്ടാൽ മുളയ്ക്കാത്ത ഈ നുണപ്രചാരണം. ജോസ് വിഭാഗം പോയതോടെ യു.ഡി.എഫിന്റെ ശക്തി ക്ഷയിച്ചുവെന്ന് ആരോപിക്കുന്നവർക്ക് ജോസ് വിഭാഗത്തെ കൂടെ കൂട്ടിയിട്ടും പ്രയോജനമില്ലെന്ന് മനസിലാക്കിയാണ് ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നത്. ഇതുകൊണ്ടൊന്നും യു.ഡി.എഫിന് ശക്തിക്ഷയം വരുത്താനാവില്ല. ഇടതുമുന്നണി വിരുദ്ധ തരംഗമാണ് അലയടിക്കുന്നത്.
സി.പി.എമ്മിന് ഹാലിളകി രാധാകൃഷ്ണമേനോൻ
ബി.ജെ.പിയ്ക്കെതിരെ കോൺഗ്രസും സി.പി.എമ്മും തമ്മിലാണ് പല വാർഡുകളിലും ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്ന് ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോൻ പറഞ്ഞു. പെരുന്നയിൽ സി.പി.എം കൊടിയും പിടിച്ചു നടന്ന ആളാണ് സി.പി.എമ്മിന്റെ കൃഷ്ണകുമാരി രാജശേഖരനെതിരെ മത്സരിക്കുന്നത്. ബി.ജെ.പിയുടെ വളർച്ച കണ്ട് സി.പി.എം നേതാക്കൾക്ക് ഹാലിളകിയതാണ് ബി.ജെ.പി - യു.ഡി.എഫ് കൂട്ടുകെട്ടെന്ന ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.