കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ വീണ്ടും രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുശവൻകുന്നിലെ സൺറൈസ് ആശുപത്രിയിലെ ഡോ. രാഘവേന്ദ്ര പ്രസാദ്, ഡോ. ഗിരിധരറാവു എന്നിവർക്കെതിരേയാണ് ചികിത്സയിൽ കുറ്റകരമായ വീഴ്ചവരുത്തിയെന്നതിന് കേസെടുത്തിട്ടുള്ളത്.
പയ്യന്നൂർ ചിറ്റാരിക്കൊവ്വലിലെ ടി.സി. ഷാനിദാസിന്റെ ഭാര്യ അജാനൂർ പള്ളോട്ടെ ശബ്നയുടെ (30) പരാതിയിലാണ് പൊലീസ് കേസ്. വിവാഹം കഴിഞ്ഞ് 10 വർഷത്തിനു ശേഷമാണ് ശബ്ന ഗർഭിണിയായത്. സൺറൈസ് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. ജൂൺ 19ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പ്രസവാനന്തരം ശബ്നയ്ക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കുടൽ ഒട്ടിപ്പിടിച്ചതായി കണ്ടെത്തുകയും ഏറെകഴിഞ്ഞ് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ജൂൺ 23 ന് വീണ്ടും വേദന അനുഭവപ്പെട്ടപ്പോൾ രണ്ടാമതൊരു ശസ്ത്രക്രിയകൂടി നടത്തി.
ഇതോടെ ഗുരുതര നിലയിലായ ശബ്നയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് നേരത്തെ നടത്തിയ ശസ്ത്രക്രിയയിൽ പിഴവുണ്ടെന്ന് കണ്ടെത്തിയത്. ചെറുകുടലിൽ ഉണ്ടായ രണ്ടു സുഷിരങ്ങളിൽ ഒന്നു മാത്രമാണ് തുന്നിക്കെട്ടിയതത്രെ.
ഇതേ തുടർന്ന് ഡോക്ടർമാർക്കെതിരെ ഷാനിദാസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് ആശുപത്രിയിൽ നിന്ന് ചികിത്സാ രേഖകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.