വല്ലഭന് പുല്ലും ആയുധം എന്ന പഴഞ്ചൊല്ലുണ്ടായത് ഈ പാലം കണ്ടിട്ടാവണം. വെറും കൈകൊണ്ട് പുല്ല് മാത്രം ഉപയോഗിച്ച് ഒരു പാലം നിർമ്മിക്കാൻ സാധിക്കുമോ? പുല്ല് പോലെ പറ്റുമെന്ന് പെറുവിലെ കാനാസ് പ്രവിശ്യയിലെ ക്വീഹീ വിഭാഗക്കാർ നിസംശയം പറയും. കാരണം, കഴിഞ്ഞ 600 വർഷമായി അവർ മുടങ്ങാതെ ക്വേഷാ ചക എന്ന 'പുല്ല് പാലം' നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.
അയ്യോ പുല്ലു കൊണ്ട് പാലമോ എന്ന് അത്ഭുതപ്പെടേണ്ട. പൊട്ടി താഴെ വീഴില്ലേ എന്ന് ആശങ്കപ്പെടേണ്ട. ആനയെ വരെ അക്കരെയെത്തിക്കാൻ തക്ക ബലമുള്ള പാലമാണിത്.
എന്നാൽ വല്ല തോടിന് കുറുകെയായിരിക്കും പാലമെന്ന് നിസാരവത്കരിക്കേണ്ട. അലറിക്കുതിച്ചൊഴുകുന്ന അപുരുമാക് നദിക്ക് കുറുകെ 148 അടി നീളത്തിൽ നൂറടി ഉയരത്തിലാണ് പുല്ലു കൊണ്ടുള്ള പാലം നിർമ്മിക്കുന്നത്. ലോകത്തിൽ കൈകൊണ്ട് നിർമ്മിക്കുന്ന ഏക പാലമാണിത്. ഇൻകാ സംസ്കാരത്തിന്റെ ഭാഗമായ ഗ്രോത്ര വർഗക്കാരുടെ പ്രത്യേക സാങ്കേതിക വിദ്യയാണ് ഈ പാലത്തിന്റെ നിർമ്മാണ രീതിയുടെ രഹസ്യം. ലോകത്തിലെ എൻജിനീയറിംഗ് വിദഗ്ദ്ധർ ഈ ഗോത്രവർഗക്കാരുടെ കരവിരുതിന് മുന്നിൽ ശിരസ് നമിച്ചിരിക്കുകയാണ്. അത്ഭുതകരമായ ഈ പാലനിർമ്മാണം കണ്ട് മനസിലാക്കാനായി നിരവധിപ്പേരാണ് വർഷം തോറും പെറുവിനെ കാനാസ് പ്രവിശ്യയിലെത്തുന്നത്.
ഇൻകാ സാമ്രാജ്യം
ലോകത്തിന് നൽകിയത്
600 വർഷങ്ങൾക്ക് മുൻപ് പൗരാണിക ഇൻകാ സാമ്രാജ്യത്തിന്റെ കാലത്താണ് ആൻഡീസ് പർവതനിരകളിലൂടെ തങ്ങളുടെ സാമ്രാജ്യം വിപുലമാക്കാൻ 40,000 കിലോമീറ്റർ നീളുന്ന റോഡ് ശൃംഖല ഉണ്ടാക്കിയത്. ഇതിനായി ദുർഘടമായ ആൻഡിസ് മലനിരകളെ ബന്ധിപ്പിച്ച് നൂറുകണക്കിന് പാലങ്ങൾ നിർമ്മിക്കേണ്ടി വന്നു. സിമന്റും കമ്പിയും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ഭൂപ്രകൃതി അനുസരിച്ച് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിർമ്മാണം. പിന്നീട് 17-ാം നൂറ്റാണ്ടിൽ സ്പാനിഷ് അധിനിവേശത്തിൽ ഇവയിൽ മിക്കതും പൊളിക്കപ്പെട്ടു. അവശേഷിച്ചവ ആധുനിക പാലങ്ങൾക്ക് വഴിമാറുകയും ചെയ്തു.
എന്നാൽ അനാസ് പ്രവിശ്യയിലെ ക്വേചാ ഭാഷ സംസാരിക്കുന്ന ക്വീഹീ വിഭാഗക്കാരായ നാല് ഗ്രാമക്കാർ തങ്ങളുടെ ഇൻകാ സംസ്കാരത്തിന്റെ ഓർമ്മയ്ക്കായി ഇന്നും ഇത്തരമൊരു പാലം നിലനിറുത്തിപ്പോരുകയാണ്. അപുരിമാക് നദിക്ക് കുറുകേ 'ക്വേചാ ഇചു" എന്ന പുല്ല് ഉപയോഗിച്ച് നിർമ്മിക്കുന്ന പാലം , എല്ലാവർഷവും ജൂൺ മാസത്തിൽ ഇവർ പൂർണമായി പുതുക്കി പണിയുന്നു. 148 അടി നീളമുള്ള പാലം, നദിയിൽ നിന്ന് നൂറടിയോളം ഉയരത്തിലാണ്. പഴയ പാലം നദിയിലേക്ക് മുറിച്ചിടുകയാണ് ചെയ്യുക. എന്നിട്ട് ആദ്യം മുതൽ പാലം നിർമ്മിച്ച് തുടങ്ങും. ഗ്രാമത്തിലെ ഉത്സവ കാലഘട്ടം കൂടിയാണത്. ആബാലവൃദ്ധം ജനങ്ങളും പാലം നിർമ്മാണത്തിനെത്തും. ഇത് കാണാനായി നിരവധി വിദേശികളും എത്തും.
നിർമ്മാണ രീതി
ഗ്രാമത്തിൽ വളരുന്ന ക്വേചാ ഇച്ചു എന്നയിനം പുല്ല് പറിച്ചെടുത്ത് വെള്ളത്തിൽ കുതിർത്ത് നന്നായി ചതച്ച് ഉണക്കിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുക. സ്ത്രീകളാണ് ഈ ജോലി ചെയ്യുക. എല്ലാ വീട്ടുകാരും ഈ പുല്ലുപയോഗിച്ച് ചെറു കയറുകൾ നിർമ്മിക്കുന്നു. ഈ ചെറുകയറുകൾ പിരിച്ച് ഉണ്ടാക്കുന്ന , ഒരടിയോളം വ്യാസമുള്ള അഞ്ച് ഭീമൻ വടങ്ങളാണ് പാലത്തിന്റെ പ്രധാന ഭാഗങ്ങൾ. മൂന്നെണ്ണം നടക്കുന്ന ഭാഗത്തിനായും രണ്ടെണ്ണം കൈവരികൾക്കായും ഉപയോഗിക്കും. ഇവ രണ്ടറ്റത്തും ഉറപ്പിച്ച ശേഷം ധീരന്മാരായ യുവാക്കൾ ഈ വടങ്ങളിലൂടെ സഞ്ചരിച്ച് ചെറു കയറുകൾ ഉപയോഗിച്ച് വടങ്ങളെ ബന്ധിപ്പിച്ച് പാലം ബലപ്പെടുത്തി സഞ്ചാര യോഗ്യമാക്കും. അതിന് ശേഷം ചൊക്കായ്വാ എന്ന വിഭാഗക്കാർ ഇലകളും കമ്പുകളും ഉപയോഗിച്ച് പാലത്തിലൂടെയുള്ള നടപ്പ് സുഗമമാക്കും.
ആചാരപരമായ ചടങ്ങുകളേറെ
പാക്കോ എന്ന പുരോഹിത സമാനമ സ്ഥാനമുള്ള വ്യക്തി പച്ചാമാമാ എന്ന ഭൂമി ദേവതയോടും ആപുസ് എന്ന പർവത ദൈവത്തോടും അനുവാദം ചോദിക്കുന്ന ചടങ്ങുകളോടെയാണ് പാലം പൊളിക്കൽ ആരംഭിക്കുക. കൊക്കോ ഇലകളും ചോളവും തദ്ദേശീയ മദ്യവും ദൈവങ്ങൾക്ക് നേർച്ചയായി നൽകുന്നു. മൂന്ന് ദിവസം നീളുന്ന നിർമ്മാണത്തിന്റെ ഒടുവിലും വലിയ സത്കാരവും ആഘോഷവും ഉണ്ടാകും. പേരിന് പോലും ഒരായുധവും പാലം നിമ്മാണത്തിൽ ഉപയോഗിക്കില്ല. സ്ത്രീകൾ നിർമ്മാണ ജോലികളിൽ നേരിട്ട് പങ്കെടുക്കാൻ പാടില്ലെന്നാണ് വിശ്വാസം.
ടൂറിസം
മുൻകാലങ്ങളിൽ മൂന്ന് വർഷത്തിലൊരിക്കൽ ചെയ്തിരുന്ന പുനർനിർമ്മാണം, ഇപ്പോൾ എല്ലാ വർഷവും നടത്തുന്നു. പാലം നിർമ്മാണം ടൂറിസ്റ്റ് ആകർഷണമായി മാറിയതോടെയാണ് വർഷം തോറും പുതുക്കിപ്പണിയാൻ ആരംഭിച്ചത്. 2013 ൽ യു.എൻ കെഷ്വാ ചകയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സന്ദർശകരുടെ എണ്ണവും കൂടിയിട്ടുണ്ട്.