ലണ്ടൻ. കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ് ആരംഭിക്കാനിരിക്കെ ബ്രിട്ടനിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം വയോജനങ്ങൾക്കും മറ്റു രോഗങ്ങളുള്ള കുട്ടികൾക്കും ആദ്യഘട്ടത്തിൽ തന്നെ മുൻഗണന നൽകാൻ തീരുമാനിച്ചു.
വൃദ്ധസദനങ്ങളിൽ കഴിയുന്ന 75 വയസിനു മുകളിലുള്ളവർക്കും കടുത്ത രോഗങ്ങൾ ബാധിച്ചിട്ടുള്ള കുട്ടികൾക്കും വാക്സിൻ നൽകുന്നതിലൂടെ വാക്സിന്റെ ഗുണഫലങ്ങൾ പെട്ടെന്ന് തിരിച്ചറിയാനാകുമെന്നാണ് വിലയിരുത്തലെന്ന് ഇംഗ്ളണ്ടിലെ ടെൽഫോർഡിലെ പ്രിൻസസ് റോയൽ ഹോസ്പിറ്റലിൽ കാർഡിയോളജി രജിസ്ട്രാർ ആയ തിരുവനന്തപുരം സ്വദേശി ഡോ.എം.എസ്.ഋത്വിക്
' കേരളകൗമുദിയോട് ' പറഞ്ഞു.അമ്പതോളം ആശുപത്രികളെ കൊവിഡ് വാക്സിൻ ഹബ്ബുകളായി നിശ്ചയിച്ചിട്ടുണ്ട്.ഇതിനു പുറമെ മറ്റു പൊതു കേന്ദ്രങ്ങളും ക്യാമ്പുകളാക്കും.
രണ്ട് ഡോസാണ് ഒരാൾക്ക് നൽകുന്നത്. ആദ്യ ഡോസ് നൽകി 21 ാമത്തെ ദിവസമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. 28ാമത്തെ ദിവസമാകുമ്പോൾ രണ്ട് ഡോസും സ്വീകരിച്ച വ്യക്തിക്ക്
പൂർണ പ്രതിരോധശേഷിയുണ്ടാകുമെന്നാണ് കണക്കു കൂട്ടൽ .നാലുകോടി വാക്സിനാണ് ഇപ്പോൾ ഓർഡർ ചെയ്തിട്ടുള്ളത്. ഇത് രണ്ട് കോടി പേർക്ക് തികയും.പാർശ്വഫലങ്ങൾ ഇല്ലാത്ത വാക്സിനാണിതെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്.പരമ്പരാഗത ശൈലിയിൽ തയ്യാറാക്കിയ വാക്സിനല്ല ഇപ്പോൾ പരീക്ഷിക്കുന്നത്. എം.എർ.എൻ.എ ( മെസഞ്ചർ ആർ.എൻ.എ ) വിഭാഗത്തിൽ പെടുന്ന ഈ വാക്സിന് ഫലപ്രാപ്തി കൂടുതലാണ്.