ജനീവ: വാക്സിൻ പരീക്ഷണങ്ങൾ മികച്ച ഫലം നൽകിത്തുടങ്ങിയതിനാൽ കൊവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്നം കാണാൻ തുടങ്ങാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്.എന്നാൽ, വാക്സിനുകൾക്കായുള്ള കൂട്ടയോട്ടത്തിനിടയിൽ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങൾ ചവിട്ടിയരയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.'വൈറസിനെ നമുക്ക് എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവിശ്വനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കൊവിഡ് കാലം നമുക്ക് കാണിച്ചു തന്നു. സഹാനുഭൂതിയും നിസ്വാർത്ഥതയും നിറഞ്ഞ പ്രചോദനപരമായ പ്രവർത്തികളും, ഗവേഷണങ്ങളുടേയും നൂതന ആവിഷ്കാരങ്ങളുടേയും അദ്ഭുതാവഹമായ നേട്ടങ്ങളും കൊവിഡ് കാലത്ത് സംഭവിച്ചു. എന്നാൽ, അതോടൊപ്പം തന്നെ സ്വാർത്ഥതാത്പര്യങ്ങളുടേയും പഴിചാരലുകളേയും ഭിന്നതയുടേയും കാഴ്ചകളും നാം കണ്ടു'. ടെഡ്രോസ് പറഞ്ഞു.'ഗൂഢാലോചനയുടെ തന്ത്രങ്ങൾ കാരണം ശാസ്ത്രം പിന്തള്ളപ്പെട്ട, ഭിന്നതയുടെ സ്വരം ഐക്യത്തെ തകർത്ത, സ്വാർത്ഥ താത്പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളിൽ വൈറസ് കൂടുതൽ ശക്തി പ്രാപിച്ചു. അത് അവിടങ്ങളിൽ തുടരുകയും ചെയ്തു. പ്രത്യേകമായി പേര് എടുത്തു പറയാതെ രോഗവ്യാപനവും മരണസംഖ്യയും വർദ്ധിക്കുന്ന രാജ്യങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചു.
കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും ടെഡ്രോസ് ആവശ്യപ്പെട്ടു. സ്വകാര്യസ്വത്തായി കാണാതെ വാക്സിൻ ലോകത്തെ എല്ലായിടത്തും ഒരുപോലെ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കൊവിഡ് പ്രതിസന്ധിയുടെ പരിസമാപ്തിയിലേക്കാണ് നാം നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.