ജക്കാർത്ത: മനുഷ്യരെയല്ല, മറിച്ച് പൂച്ചകളെ വസ്ത്രം ധരിപ്പിക്കാനാണ് ഇന്തൊനേഷ്യൻ ഫാഷൻ ഡിസൈനറായ ഫ്രെഡി ലുഗിന പ്രിയാർഡിയ്ക്ക് താൽപര്യം. മനുഷ്യർ ധരിക്കുന്ന എല്ലാ വസ്ത്രങ്ങളും പൂച്ചകളെ അണിയിപ്പിച്ച്, ആ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട് ഫ്രെഡി. പൂച്ചകളുടെ വസ്ത്രങ്ങൾക്ക് വിപണിയിൽ വലിയ സാദ്ധ്യതയുണ്ട് മനസിലാക്കിയാണ് ഫ്രെഡി
അദ്ധ്യാപന ജോലിയിൽ നിന്ന് രാജിവച്ച് പൂച്ചകൾക്കായി വസ്ത്രം ഡിസൈൻ ചെയ്യാൻ ഇറങ്ങിയത്. പൂച്ച പ്രേമികളായ ബന്ധുക്കളിൽ നിന്നാണ് ഫ്രെഡിയ്ക്ക് ഇത്തരത്തിലൊരു ആശയം ലഭിച്ചത്. മൂന്നുവർഷം മുമ്പാണ് ഓൺലൈനിലൂടെ പൂച്ചകൾക്കായി ഫ്രെഡി വസ്ത്രം വിൽക്കാൻ തുടങ്ങിയത്. ഇപ്പോൾ ഒരുമാസം മൂന്നു ദശലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. ആറ് ഡോളറിനും 10 ഡോളറിനും ഇടയിലാണ് ഒരു വസ്ത്രത്തിന്റെ വില. ക്രിസ്മസ് അടുത്തതോടെ പുതിയ ഡിസൈൻ തയ്യാറാക്കി വിൽപ്പനക്ക് എത്തിച്ചിട്ടുണ്ട്. നിരവധി പേരാണ് ഓർഡറുമായി ഇവരെ സമീപിച്ചിരിക്കുന്നത്. പുത്തൻ ഉടുപ്പുകളിട്ട് സുന്ദരിമാരും സുന്ദരന്മാരുമായ പൂച്ചകളുടെ ചിത്രങ്ങൾ ടിക്ക്ടോക്ക് അക്കൗണ്ടിൽ അവർ പങ്കുവെക്കാറുണ്ട്. എന്നാൽ, പൂച്ചകളെ വസ്ത്രം ധരിപ്പിക്കുന്നത് ക്രൂരതയാണെന്ന് പറഞ്ഞ് ധാരാളം പേർ സമൂഹമാദ്ധ്യമങ്ങളിൽ കമന്റ് ചെയ്യാറുണ്ട്.എന്നാൽ, വസ്ത്രങ്ങൾ ധരിക്കുമ്പോൾ പൂച്ചകൾക്ക് മാനസിക സമ്മർദ്ദം ഉണ്ടായാൽ അത് തിരിച്ചറിയാൻ ഉള്ള ലക്ഷണങ്ങളുടെ മാർഗനിർദ്ദേശങ്ങൾ മൃഗക്ഷേമ ഗ്രൂപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.