ബാലരാമപുരം:വധശ്രമക്കേസിലെ നാലു പേരെ ബാലരാമപുരം പൊലീസ് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ ഇൻഷാദ്(21), നൗഫൽ എന്ന നൗഫീർഖാൻ (22), നാഥൻ എന്ന അബ്ദുൽ റഹ്മാൻ (26), വിഴിഞ്ഞം പുല്ലൂർക്കോണം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപം ഹബീബുള്ള (21) എന്നിവരാണ് അറസ്റ്റിലായത്. നിരവധി മോഷണം, അടിപിടി, സ്പിരിറ്റ് കടത്ത് തുടങ്ങിയ കേസിലെ പ്രതി അമ്പൂരി തേക്കുംപാറ നെടുമ്പാറ റോഡരികത്ത് പുത്തൻവീട്ടിൽ സത്യനെയാണ്(44) വധിക്കാൻ ഇവർ ഗൂഡാലോചന നടത്തിയത്. ഡിസംബർ ഒന്നിന് രാത്രി 7.30 ഓടെ വെങ്ങാനൂരിലെ വീട്ടിൽ വിളിച്ചു വരുത്തി ഇൻഷാദിന്റെ നേത്യത്വത്തിലുള്ള നാലംഗ സംഘം വെട്ടുകത്തികൾ കൊണ്ട് ശരീരമാസകലം വെട്ടിപ്പരിക്കേല്പിക്കുകയും മരിച്ചെന്ന് കരുതി സമീപം കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.
പൊലീസെത്തി സത്യനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബാലരാമപുരം സി.ഐ.ജി.ബിനു, എസ്.ഐമാരായ വിനോദ് കുമാർ, തങ്കരാജ്, റോജി, ഗ്രേഡ് എസ്.ഐ ജ്യോതിഷ് കുമാർ, ഗ്രേഡ് എസ്.സി.പി.ഒ അനികുമാർ, സി.പി.ഒമാരായ അനിൽ ചിക്കു, ബിജു എന്നിവരുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണ്ടാ ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ച കേസിലെ പ്രതിയാണ് ഇൻഷാദ്. അക്രമികൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസുൾപ്പെടെ നിരവധി കേസിലെ പ്രതികളാണ്.