കൂത്തുപറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ആദ്യ അറസ്റ്റ് നടന്ന് 90 ദിവസം പൂർത്തിയാവുന്നതിന് മുൻപാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.എ .ബി .വി. പി പ്രവർത്തകനായിരുന്ന കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിലെ രാഷ്ട്രീയ വിരോധമാണ് സലാഹുദ്ദീന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.സെപ്തംബർ 8 ന് വൈകുന്നേരമാണ് എസ്.ഡി.പി.ഐ പ്രവർത്തകനായ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്.സഹോദരിമാർ കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപറമ്പ് ചുണ്ടയിൽ വച്ച് കാറിന് പിന്നിൽ ബൈക്കിടിച്ച ശേഷം അക്രമി സംഘം വെട്ടി കൊലപ്പെടുത്തു കയായിരുന്നു.ഗൂഢാലോചനയിൽ പങ്കെടുത്ത 3 പേർ കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം തന്നെ അറസ്റ്റിലായിരുന്നു. ഇവരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരും ഉൾപ്പെടെ ഒൻപതു ആർ. എസ്. എസ് പ്രവർത്തകർ ഇതിനകം അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. ഇയാളാണ് സലാഹുദ്ദീൻ സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് അപകടം ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.അക്രമിസംഘം ഉപയോഗിച്ച ഒരു കാർ,3 ബൈക്കുകൾ, വാളുകൾ എന്നിവ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.