അടിമാലി: അടിമാലി ടൗണിൽ കടത്തിണ്ണയിൽ മദ്ധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.അറക്കുളം, നാടുകാണി കൊച്ചു പാറയ്ക്കൽ മാത്യു (49) വിനെയാണ് അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്നതിന് സമീപം കണ്ണാട്ട് ബിൽഡിംഗിസിന്റെ ഒന്നാം നിലയുടെ ഇടനാഴികയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9 മണിയോടെ സമീപത്തുള്ള കട തുറക്കാൻ വന്നവരാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ മരിച്ചു കിടക്കുന്നത് കണ്ടത്.തുടർന്ന് അടിമാലി പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.ഏതാനും വർഷക്കാലമായി വീടുമായി അകന്ന് അടിമാലിയിലും പരിസര പ്രദേശങ്ങളിലും മറ്റും ജോലിയെടുത്ത് കഴിഞ്ഞു വരുകയായിരുന്നു.
ഒരാഴ്ച മുൻപ് ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന മച്ചിച്ചാവ് സ്വദേശിയുമായി വഴക്ക് ഉണ്ടാക്കുകയും പരസ്പരം കയ്യേറ്റം നടക്കുകയും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം
പ്രതി പൊലീസ് കസ്റ്റഡിയിലായതായിട്ടാണ് വിവരം.എന്നാൽ ഇതു സംബന്ധിച്ചുള്ള വിശദാശംങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇടുക്കിയിൽ നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.