കോഴിക്കോട് : ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് എൽ.ഡി.എഫും എൻ.ഡി.എയും വാശിയോടെ മുന്നേറുമ്പോൾ യു.ഡി.എഫിൽ പരക്കെ ആശയക്കുഴപ്പം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വടകര എം.പി കെ. മുരളീധരനും തമ്മിലുണ്ടായ തർക്കവും വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ 'രഹസ്യബന്ധ'വും യു.ഡി.എഫിനെ പിന്നോട്ടടിപ്പിക്കുകയാണ്. പ്രചാരണം അവസാന ഘട്ടത്തിൽ കടക്കുമ്പോൾ യു.ഡി.എഫ് ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നാണ് നേതാക്കൾ പറയുന്നത്. നിലവിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് പറയുമ്പോഴും കൂട്ടായ്മയിലെ കുറവാണ് മുന്നണിക്ക് തലവേദനയാകുന്നത്. വെൽഫെയർ പാർട്ടി സഖ്യം മുൻനിറുത്തി എൽ.ഡി.എഫും എൻ.ഡി.എയും കടന്നാക്രമിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. മുസ്ലീം ലീഗും ഇക്കാര്യത്തിൽ കാര്യമായ പ്രതികരണത്തിന് മുതിർന്നിട്ടില്ല.
ആർ.എം.പി.ഐയുമായും സി.പി.എമ്മിൽ നിന്ന് വിട്ടുപോയവരുമായും സഖ്യമുണ്ടാക്കിയെങ്കിലും കല്ലാമല വിഷയത്തോടെ യു.ഡി.എഫിലെ ചേരിപ്പോര് മറനീക്കി പുറത്തുവന്നു. കോഴിക്കോട് കോർപ്പറേഷനിലും നേരത്തെ പുറത്തുപോയ സി.പി.എം പ്രവർത്തകരുമായി സഹകരണം ഉണ്ടാക്കാനുള്ള ശ്രമം നടന്നു വരികയാണ് . എന്നാൽ ഇവർക്ക് സ്വാധീനമില്ലെന്ന അഭിപ്രായവും യു.ഡി.എഫിനകത്തുണ്ട്.
കോഴിക്കോട് കോർപ്പറേഷനിൽ പോലും കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും സഹകരണം കാര്യമായി ഉണ്ടാകുന്നില്ലെന്ന പരാതിയാണ് മുസ്ലിം ലീഗിനുള്ളത്. നിലവിൽ ബി.ജെ.പിയുമായി മൂന്ന് സീറ്രിന്റെ മേൽക്കൈ മാത്രമാണ് കോൺഗ്രസിന് കോർപ്പറേഷനിലുള്ളത്. മുസ്ലിം ലീഗിന് ഒരു സീറ്റിന്റെയും. കോർപ്പറേഷനിൽ സീറ്റുകൾ വർദ്ധിപ്പിക്കാനാകുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ വലിയ വെല്ലുവിളിയാണ് ബി.ജെ.പി സൃഷ്ടിക്കുന്നത്.
വടകര, കുറ്ര്യാടി, കൊയിലാണ്ടി ഭാഗങ്ങളിൽ ആർ.എം.പി.ഐയുമായുണ്ടാക്കിയ സഹകരണത്തിലെ വിള്ളൽ പ്രചാരണത്തിൽ തിരിച്ചടിയായിട്ടുണ്ട്. എൽ.ജെ.ഡി മുന്നണിയിൽ എത്തിയതോടെ കൂടുതൽ ശക്തരായാണ് എൽ.ഡി.എഫ് മത്സരംഗത്തുള്ളത്. മലയോര മേഖലകളിൽ കേരള കോൺഗ്രസ് എം ജോസ് വിഭാഗം ഉയർത്തുന്ന വെല്ലുവിളികൾ കുത്തക പഞ്ചായത്തുകളിൽ പോലും യു.ഡി.എഫിന് ആശങ്കയുണ്ട്.