പേരാമ്പ്ര: 15 വർഷത്തെ ചരിത്രം ആവർത്തിക്കാനുള്ള പടയൊരുക്കവുമായി ചക്കിട്ടപ്പാറയിൽ എൽ.ഡി.എഫ് മുന്നേറുമ്പോൾ കോട്ട തകർക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് യു. ഡി.എഫ് . 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 15 വാർഡുകളിൽ 9ൽ എൽ.ഡി.എഫും 6 വാർഡുകളിൽ യു.ഡി.എഫുമാണ് വിജയിച്ചത് . ഭരണ നേട്ടങ്ങളാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധം. എന്നാൽ ഭരണരംഗത്തെ കെടുകാര്യസ്ഥതയും വികസന മുരടിപ്പും എടുത്തുകാട്ടിയാണ് യു. ഡി .എഫ് പ്രചാരണം. പശ്ചാത്തല മേഖലയിലെ വികസനം , ആരോഗ്യം, കായികം, തൊഴിലുറപ്പ് പദ്ധതിയിലെ നേട്ടങ്ങൾ തുടങ്ങിയവയെല്ലാം എൽ .ഡി .എഫ് നേട്ടമായി നിരത്തുന്നു . കുടിവെള്ള പ്രശ്നമാണ് യു. ഡി.എഫ് വോട്ടർമാരോട് പറയുന്ന പ്രധാന വിഷയം. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലെത്തിയതോടെ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. എന്നാൽ മാണി കോൺഗ്രസിന്റെ കൂടുമാറ്റം മുന്നണിയിലെ വോട്ടുകൾ ഉറപ്പിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് യു.ഡി.എഫിനുള്ളത് . എൽ.ഡി.എഫിലെ അഴിമതിയും പ്രതിപക്ഷത്തിന്റെ ദൗർബല്യവും എടുത്തുപറഞ്ഞാണ് എൻ. ഡി .എയുടെ വോട്ട് പിടുത്തം. ഭവന പദ്ധതിയിലെ രാഷ്ട്രീയവത്കരണം, കുടിവെള്ള വിതരണത്തിലെ അപാകതകൾ തുടങ്ങിയവയെല്ലാം എൻ.ഡി.എ പ്രചാരണത്തിന് ഉപയോഗിക്കുന്നു. 15 വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തിയാണ് എൻ .ഡി .എ പ്രചാരണം .