തൃക്കരിപ്പൂർ/വെള്ളരിക്കുണ്ട്: ഉമ്മൻചാണ്ടി പങ്കെടുത്ത യോഗങ്ങളിൽ നൂറിലധികം ആളുകൾ പങ്കെടുക്കുകയും ,സാമൂഹ്യ അകലം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂർ വൾവക്കാടും വെള്ളരിക്കുണ്ടിലും നടത്തിയ പൊതുയോഗങ്ങളിൽ കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. കേസെടുത്തു.വെള്ളിയാഴ്ച രാത്രി വൾവക്കാട് വച്ചായിരുന്നു ഉമ്മൻ ചാണ്ടി പങ്കെടുത്ത പൊതുയോഗം .ഡിവിഷൻ ജനറൽ കൺവീനർ എന്ന നിലയിലാണ് അഡ്വ. കെ. കെ. രാജേന്ദ്രനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.കൂടുതൽ പേരെ പങ്കെടുപ്പിച്ചുവെന്നും സാമൂഹ്യ അകലം പാലിക്കാതെ മാനദണ്ഡം ലംഘിച്ചുവെന്നും ആരോപിച്ചാണ് കേസ്.
യു.ഡി.എഫ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ നടത്തിയ യോഗത്തിൽ കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ചുവെന്നാരോപിച്ച് നേതാക്കളായ രാജു കട്ടക്കയം, ഹരീഷ് പി.നായർ, എ.സി.ലത്തീഫ്, ടി.അബ്ദുൾഖാദർ, പി.വി.രവി, ഷോബി ജോസഫ് തുടങ്ങി ഇരുപതോളം നേതാക്കൾക്കെതിരെ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്.ചിറ്റാരിക്കാലിലും ഉമ്മൻചാണ്ടി പങ്കെടുത്ത പൊതുയോഗത്തിൽ കൂടുതൽ ആളുകൾ കൂടിയതിനെ തുടർന്ന് ടോമി പ്ളാച്ചേരി, സെബാസ്റ്റ്യൻ,ജോസ് കുത്തിയതോട്ടിൽ എന്നീ കോൺഗ്രസ് നേതാക്കൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസും പ്രോട്ടോക്കാൾ ലംഘനത്തിന് കേസെടുത്തു.
'രാഷ്ടീയ പ്രേരിതം'
തൃക്കരിപ്പൂർ: അഡ്വ.കെ.കെ.രാജേന്ദ്രനെതിരെയുള്ള പൊലീസ് നടപടി രാഷ്ടീയ പ്രേരിതവും പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് ഡിവിഷൻ ചെയർമാൻ അഡ്വ എം ടി പി കരീം പ്രസ്താവിച്ചു. കൂടുതൽ ജനങ്ങൾ പങ്കെടുത്തുവെന്നും അതുവഴി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. എന്നാൽ കാര്യമായ പ്രചാരണമൊന്നുമില്ലാതെ വിവരങ്ങളറിഞ്ഞ് പൊതു യോഗത്തിനെത്തിയ പ്രവർത്തകർ സാമൂഹ്യ അകലം പാലിച്ചാണ് പങ്കെടുത്തത്. പ്രവർത്തകർക്കായി ഏതാനും ഇരിപ്പിടങ്ങൾ ഒരുക്കിയതും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്നിരിക്കേ കേസെടുത്തത് മേലാളന്മാരെ പ്രീതിപ്പെടുത്താനാണെന്ന് കരീം ആരോപിച്ചു.