കണ്ണൂർ:ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമാണ് ചെമ്പിലോട്. പെരളശ്ശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഡിവിഷൻ. ഈ നാല് പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. അതിനാൽ വിജയത്തിൽ ആശങ്കയില്ലാതെയാണ് എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ. ശോഭ 6511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഡിവിഷൻ പിടിച്ചെടുക്കാൻ വികസന മുരടിപ്പ് മുൻനിർത്തി പ്രചരണം ശക്തിപ്പെടുത്തുകയാണ് ഇവിടെ യു.ഡി.എഫ്.
കെ.വി. ബിജുവാണ് ഇത്തവണ എൽ.ഡി. എഫ് സ്ഥാനാർത്ഥി. എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയറ്റ് അംഗം, എടക്കാട് ബ്ലോക്ക് സെക്രട്ടറി, ബാലസംഘം രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചു. സി.പി.എം എടക്കാട് ഏരിയ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂനിയൻ എടക്കാട് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. കണ്ണൂരിലെ കള്ള് ചെത്തു സഹകരണ സംഘത്തിൽ ഓഫിസ് ജീവനക്കാരൻ കൂടിയാണ് ബിജു .
മുസ്ലിംലീഗിലെ ഇ.കെ.സക്കീർ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി . ചെമ്പിലോട് ഹൈസ്കൂൾ യൂണിറ്റ് എം.എസ്.എഫ് സെക്രട്ടറി, ചെമ്പിലോട് പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡന്റ് എടക്കാട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി, ധർമടം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂർ ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കോർ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്നു. ചക്കരക്കൽ സി.എച്ച് സന്റെർ മുൻ കൺവീനറുമാണ്.
പതിനഞ്ചര വർഷം ഇന്ത്യൻ സൈന്യത്തിലെ സിഗ്നൽ കോറിൽ സേവനമനുഷ്ഠിച്ച പി.ആർ. രാജനാണ് ബി.ജെ.പി സ്ഥാനാർത്ഥി. നിലവിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം. പൂർവ സൈനിക സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഹാൻഡ്ബാൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2015 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എടക്കാട് ബ്ലോക്ക് ചെമ്പിലോട് ഡിവിഷനിൽ മത്സരിച്ചിരുന്നു.
ഡിവിഷനിൽ മികച്ച ഭരണമാണ് കഴിഞ്ഞ വർഷങ്ങളിലായി എൽ.ഡി.എഫ് കാഴ്ച്ച വച്ചത്.അതു കൊണ്ട് തന്നെ വിജയ പ്രതീക്ഷയിൽ ആശങ്കയില്ല.
കെ.വി. ബിജു(എൽ.ഡി. എഫ് )
ഡിവിഷനിൽ വികസന മുരടിപ്പിന് പരിഹാരം പ്രകടമാണ്.അതു കൊണ്ട് തന്നെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.വിജയ പ്രതീക്ഷയുണ്ട്.
ഇ.കെ.സക്കീർ(യു.ഡി.എഫ് )
വിജയിക്കമെന്നാണ് പ്രതീക്ഷ.ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.മികച്ച പിന്തുണയാണ് പ്രചരണത്തിനിടയിൽ ലഭിക്കുന്നത്.
പി.ആർ. രാജൻ, (ബി.ജെ.പി )