കോലഞ്ചേരി: കേരം തിങ്ങും കേരള നാടെന്നാണ് വിശേഷണം. എന്നാൽ ഒരു തേങ്ങ വാങ്ങി ചമ്മന്തിയരക്കണമെങ്കിൽ പോക്കറ്റ് കീറും. അത്ര വിലക്കയറ്റമാണ്. ഒരാഴ്ചയ്ക്കിടെ ഒരു കിലോ നാളികേരളത്തിന് കൂടിയത് 15 രൂപ ! 70 രൂപയാണ് നിലവിൽ ഒരു കിലോ നാളികേരളത്തിന് മാർക്കറ്റ് വില. ദിനം പ്രതിയാണ് തേങ്ങയ്ക്ക് വില കൂടുന്നതെന്ന് മൊത്ത കച്ചവടക്കാർ പറയുന്നത്.
വരവ് കുറഞ്ഞു
കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നിന്നുമാണ് എറണാകുളത്തേക്ക് തേങ്ങയെത്തുന്നത്. അവിടങ്ങളിൽ കാര്യമായ വിളവ് ഇക്കുറി ലഭിച്ചില്ല. മാത്രമല്ല ലക്ഷ ദ്വീപിൽ നിന്നും തേങ്ങ ആവശ്യത്തിന് എത്തിയിരുന്നത്. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വരവ് പൂർണമായും നിന്നു. ഇത് രണ്ടുമാണ് വില ഉയരാൻ കാരണം. സാധാരണ നാടൻ തേങ്ങയ്ക്ക് വില ഉയരുമ്പോഴും തമിഴ്നാടൻ തേങ്ങ സുലഭമായി ലഭിച്ചിരുന്നു. സംസ്ഥാനത്തുണ്ടായ വില മാറ്റത്തിന്റെ അലയൊലി അവിടെയുമുണ്ട്. വിലയിൽ ഒരു കുറവുമില്ല.
വെളിച്ചെണ്ണവില
300 രൂപയിലേക്ക്
നാളികേര വിലയിലുണ്ടായ വർദ്ധനവ് വെളിച്ചെണ്ണ വിലയിലും പ്രകടമായി. ഒറ്റയടിക്ക് 40 രൂപയാണ് ലിറ്ററിന് കൂടിയത്. 275 രൂപയാണ് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില. ഒരു കിലോ കൊപ്ര 150 രൂപയ്ക്കാണ് മില്ലുകളിൽ ലഭിക്കുന്നത്. അതിൽ നിന്നും 600 ഗ്രാം വെളിച്ചെണ്ണ ലഭിക്കും. മറ്റു ചിലവുകൾ വേറെ. വില ഉയർത്താതെ മറ്റു മാർഗമില്ലെന്നാണ് മില്ലുടമകൾ പറയുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ വെളിച്ചെണ്ണ ട്രിപ്പിൽ സെഞ്ച്വറയടിക്കുമെന്ന് മില്ലുടമകൾ പറയുന്നു.