ഹൈദരാബാദ്: ക്ലാസ്മുറിയിൽ വച്ച് വിവാഹം കഴിച്ച വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുദ്രിയിലെ സർക്കാർ ജൂനിയർ കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. വിദ്യാർത്ഥികൾ ക്ലാസ്മുറിയിൽ വച്ച് താലി കെട്ടുന്നതും സിന്ദൂരം തൊടുന്നതുമായ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
ആചാരപ്രകാരമുള്ള വിവാഹരീതികളാണ് വിദ്യാർത്ഥികൾ ക്ലാസ്മുറിയിൽ വച്ച് ചിത്രീകരിച്ചത്. ആൺകുട്ടി പെൺകുട്ടിക്ക് താലി കെട്ടുന്നതും ശേഷം സിന്ദൂരം തൊടുന്നതും വീഡിയോയിലുണ്ടായിരുന്നു. മറ്റൊരു പെൺകുട്ടിയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ആരെങ്കിലും വരുന്നതിന് മുമ്പ് സിന്ദൂരം തൊട്ടുകൊടുക്കണമെന്ന് ഈ പെൺകുട്ടി പറയുന്നതും കേൾക്കാം.
വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടർന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അടക്കം സംഭവത്തിൽ വിശദീകരണം തേടി. ഇതിന് പിന്നാലെയാണ് മൂന്ന് വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് പുറത്താക്കിയത്.
നവംബർ 17നാണ് പ്രസ്തുത വീഡിയോ ചിത്രീകരിച്ചതെന്നും ഒമ്പത് മണിക്ക് മുമ്പേ കോളേജിലെത്തി ക്ലാസ് മുറിയിൽവച്ച് വിവാഹം നടത്തിയതായും പൊലീസ് പറഞ്ഞു.
അതേസമയം, പ്രാങ്ക് വീഡിയോ എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം. സംഭവത്തിൽ പ്രിൻസിപ്പലിനോട് ക്ഷമ ചോദിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു. തമാശയ്ക്ക് വേണ്ടി ചിത്രീകരിച്ച വീഡിയോയുടെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കിയതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്. കൗൺസലിംഗ് നൽകേണ്ടതിന് പകരം വിദ്യാർത്ഥികളെ പുറത്താക്കിയത് കടന്ന കൈയാണെന്നും വിദ്യാർത്ഥികളുടെ കരിയർ നശിപ്പിക്കുന്ന നടപടിയാണെന്നുമാണ് ഇവരുടെ അഭിപ്രായം.