മീററ്റ്: ഏറ്റവും കൂടുതൽ വജ്രം ഉപയോഗിച്ച് ആഭരണം നിർമ്മിച്ചതിന്റെ ഗിന്നസ് റെക്കാഡ് ഇന്ത്യക്കാരന്. 12,638 ചെറുവജ്രങ്ങൾ ഉപയോഗിച്ച് ജമന്തിപ്പൂവിന്റെ മാതൃകയിൽ മോതിരം നിർമിച്ച മീററ്റ് സ്വദേശി ഹർഷിത് ബൻസാലാണ് (25) റെക്കാഡിനുടമ. 165 ഗ്രാമാണ് (5.8 ഔൺസ്)മോതിരത്തിന്റെ ഭാരം. ‘ഐശ്വര്യ മോതിരം’ എന്ന് പേരിട്ടിരിക്കുന്ന മോതിരം വില്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബൻസാൽ പറഞ്ഞു.
രണ്ടുവർഷംമുമ്പ് സൂറത്തിൽ ജൂവലറി ഡിസൈൻ പഠിക്കുമ്പോഴാണ് പതിനായിരത്തിലധികം വജ്രമുപയോഗിച്ചുള്ള ആഭരണം നിർമിക്കുകയെന്ന സ്വപ്നം ബൻസാലിന്റെ മനസിൽ ചേക്കേറിയത്. അത് യാഥാർത്ഥ്യമാക്കാൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു.
മോതിരം എന്തു വിലനൽകിയും സ്വന്തമാക്കാൻ ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും തത്കാലം ഇത് വിൽക്കേണ്ടെന്നാണ് ബൻസാലിന്റെയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിന്റെയും തീരുമാനം.
7801 വജ്രങ്ങളുപയോഗിച്ച് ആരണം നിർമ്മിച്ച് ഹൈദരാബാദ് സ്വദേശി കോട്ടി ശ്രീകാന്ത് സ്വന്തമാക്കിയ ഗിന്നസ് റെക്കാഡാണ് ബൻസാൽ ഭേദിച്ചത്.