തൃപ്പൂണിത്തുറ: ''ആരാരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നു വണ്ടി, എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണോട്ടോ വണ്ടി'' കലാഭവൻ മണി തന്റെ ജീവിതത്തിൽ താങ്ങായ ഓട്ടോ റിക്ഷയെക്കുറിച്ച് പറയുന്ന ഈ പാട്ട് കേൾക്കാത്ത മലയാളികളുണ്ടാവില്ല. തൃപ്പൂണിത്തുറ നഗരസഭയിലേക്ക് മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി വിജയാ പുരുഷനും ദൈവമാണ് ഓട്ടോവണ്ടി. കന്നിയങ്കത്തിന് ഇറങ്ങിയ വിജയയുടെ തിരഞ്ഞെടുപ്പ് ചിഹ്നവും ജീവിതത്തിൽ താങ്ങായ ഓട്ടോറിക്ഷ തന്നെ. 37ാം വാർഡ് സ്റ്റാച്ചുവിൽ നിന്നാണ് ജനവിധി തേടുന്നത്. സ്ഥാനാർത്ഥി സ്വന്തം ചിഹ്നം ഓടിച്ചെത്തിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. നഗരത്തിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറാണ് വിജയാ പുരുഷൻ. സ്റ്റാച്ചു വാർഡ് ഉൾപ്പെടുന്ന ആശുപത്രിപ്പടിയാണ് സ്റ്റാന്റ്. പതിനൊന്നു വർഷം മുമ്പാണ് വിജയാ കാക്കിക്കുപ്പായമിട്ട് ഓട്ടോയുമായി ഇവിടേയ്ക്ക് എത്തിയകത്. ചുമട്ടുതൊഴിലാളിയായ ഭർത്താവ് പുരുഷന്റെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടുരുട്ടാൻ സാധിക്കില്ലെന്ന തിരിച്ചറിവായിരുന്നു ഈ ധീരതീരുമാനിത്തിന് പിന്നിൽ. പുരുഷന്മാർ മാത്രം ചെയ്തിരുന്ന ഒരു തൊഴിൽ മേഖലയിലേയ്ക്ക് കടന്നു ചെന്നപ്പോൾ വലിയ ആശങ്കകൾ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളും സ്റ്റാന്റിലെ മറ്റു ഓട്ടോക്കാരും ധൈര്യം പകർന്ന് ഒപ്പം നിന്നു.വനിത ഓട്ടോയെന്ന നിലയിൽ ഇപ്പോൾ സ്ത്രീകളും വലിയ പരിഗണന നൽകുന്നു. പെൺകുട്ടികളെ ദൂരെയെല്ലാം എത്തിക്കുവാൻ രക്ഷിതാക്കൾ പതിവായി സമീപിക്കാറുണ്ട്. വിജയ പറയുന്നു. ഓട്ടോ ഓടിക്കുന്നതിനൊപ്പം പൊതുപ്രവർത്തനത്തിലും വിജയാ സജീവമാണ്. ഓട്ടോ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗമാണ്. വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ നഗരസഭ പ്രവർത്തനങ്ങൾക്കൊപ്പം നഗരത്തിൽ തന്നെപ്പോലെ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ജനങ്ങൾക്കിടയിൽ വിജയയ്ക്ക് സ്വാധീനം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. യു.ഡി.എഫിലെ അപർണ സോമദാസ്, എൻ.ഡി.എയുടെ നിമ്മി രഞ്ജിത്ത്, നീതു മനീഷ (സ്വതന്ത്ര) എന്നിവരാണ് വാർഡിലെ മറ്റു സ്ഥാനാർത്ഥികൾ.